ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഇന്നലെ നടന്നു. ഭഗവാന്റെ ജന്മനാള് കൂടിയാണ് തിരുവാതിര. ഭഗവാന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്.
കൊട്ടിയൂരിലെ ഊരാളന്മാരായ നായര്‍ തറവാട്ടുകാരില്‍ കരിമ്പനകള്‍ ചാത്തോത്ത് കുടുംബക്കാരാണ് തിരുവാതിര നാളിലെ പായസ നിവേദ്യം കാലാകാലങ്ങളായി വഴിപാടായി സമര്‍പ്പിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദനം ആരംഭിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുന്നത്. ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു.
വൈശാഖ മഹോത്സവത്തിലെ തൃക്കൂര് അരിയളവും വെള്ളിയാഴ്ച നടന്നു. രാത്രി പൂജക്ക് ശേഷം കോട്ടയം സ്വരൂപത്തിലെ സ്ത്രീകള്‍ക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വര്‍ണത്തളികയില്‍ പകര്‍ന്ന് നല്കുന്ന ചടങ്ങാണ് ഇത്. ഇതിനു ശേഷം നാലു തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ അരിയും ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്കി. തൃക്കൂര് അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളൂ.
രണ്ടാമത്തെ ചതുശ്ശതനിവേദ്യമായ പുണര്‍തം ചതുശ്ശതം ഇന്നും ആയില്യം ചതുശ്ശതം 5നും നടക്കും. 6ന് മകം കലംവരവ് നടക്കും. അന്ന് ഉച്ചവരെമാത്രമാണ് അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാവുക. അന്ന് തന്നെ ആനകളും അക്കരെ ക്ഷേത്രത്തില്‍ നിന്നും പിന്‍വാങ്ങും. നാലാമത്തെ ചതുശ്ശത നിവേദ്യമായി അത്തം ചതുശ്ശതം 9 ന് നടക്കും. അന്നുതന്നെയാണ് വാളാട്ടവും കലശപൂജയും നടക്കുക. 10 ന് തൃക്കലശാട്ടോടെ 28 നാള് നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: