ന്യൂദല്‍ഹി: സഹകരണ സ്ഥാപനങ്ങളെ ഉപഭോക്താക്കളായി പരിഗണിച്ച് സംഭരണം അനുവദിക്കുന്നതിന്ഗവ. ഇ -മാര്‍ക്കറ്റ്പ്ലേസ് – സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (ജിഇഎം – എസ്പിവി) വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി. രജിസ്റ്റര്‍ ചെയ്ത 8.54 ലക്ഷത്തിലധികം സഹകരണസംഘങ്ങള്‍ക്കും 27 കോടി അംഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ജിഇഎം പോര്‍ട്ടല്‍ ഉപയോഗിക്കാം.
സഹകരണ സംഘങ്ങളുടെ ലിസ്റ്റ് ജിഇഎം-എസ്പിവിയുമായി കൂടിയാലോചിച്ച് സഹകരണ മന്ത്രാലയം തീരുമാനിക്കും. ജിഇഎം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ മന്ത്രാലയം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. 2016 ആഗസ്ത് ഒന്‍പതിനാണ് ഗവ. ഇ മാര്‍ക്കറ്റ് പ്ലേസിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചത്.
2017 മെയ് 17ന് ദേശീയ പൊതു സംഭരണ പോര്‍ട്ടലായി ജിഇഎം-എസ്പിവി എന്ന പേരില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപംനല്കി. കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സംരംഭങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ഉത്തരവനുസരിച്ച്, സ്വകാര്യ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ജിഇഎം സൗകര്യം ലഭ്യമല്ല. വിതരണക്കാര്‍ (വില്‍പ്പനക്കാര്‍) ഗവ. മേഖലയില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ആകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: