ചണ്ഡീഗഢ് : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തെ തുടര്‍ന്ന് ജയിലുകള്‍ കര്‍ശ്ശന പരിശോധന. ഫിറോസ്പ്പൂരിലെ ജയിലില്‍ നടന്ന പരിശോധനയില്‍ അഞ്ച് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപകമായി തെരച്ചില്‍ നടന്നുവരികയാണ്.
സിദ്ദു മൂസെവാലെയുടെ കൊലപാതകത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. ഗുണ്ടാനേതാവ് നീരജ് ഭവാനയുമായി ബന്ധപ്പെട്ടുള്ള ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് മരണത്തില്‍ പകരം ചോദിക്കുമെന്നറിയിച്ചുകൊണ്ട് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. നിരവധി കൊലപാതക മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള നീരാജ് ഭവാന, സംഘാംഗങ്ങളായ ടില്ലു ടാജപുരിയ, ദവീംന്ദര്‍ ബാംഭിയ എന്നിവരേയെല്ലാം പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ പോലീസ് കര്‍ശ്ശന ജാഗ്രതയിലാണ്.
അതിനിടെ മൂസെവാലെയുടെ കാറിന്റെ മൂന്ന് വശങ്ങളില് നിന്നുമായി ആക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തതായി കേസിലെ സാക്ഷിയായ ഗുര്‍വീന്ദ്രര്‍ സിങ് പറയുന്നു. മുന്നിലും പിന്നിലുമായി രണ്ട് വാഹനങ്ങളിലായി കാര്‍ തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ഗുര്‍വീന്ദ്രര്‍ വ്യക്തമാക്കുന്നു. ഇതിനിടെ തന്റെ തോക്ക് ഉപയോഗിച്ച് രണ്ട് തവണ മൂസെവാല തിരിച്ചു വെടിവച്ചെന്നും പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഗുണ്ടാനേതാവ് ലോറന്‍സ് ബീഷ്ണോയ് ദല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു. പകരം പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിഷ്ണോയിയുടെ അഭിഭാഷകന് വ്യക്തമാക്കി.
ഞായറാഴ്ച പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വെച്ചാണ് സിദ്ദു മൂസൈവാല വെടിയേറ്റ് മരിച്ചത്. എഎപി സര്‍ക്കാര്‍ മൂസൈവാല ഉള്‍പ്പടെ 424 പേരുടെ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കുന്നത്. മാന്‍സയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേ ആക്രമികള്‍ മുപ്പത് റൗണ്ട് വെടിവച്ചു. ആക്രമണത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍ സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷന്‍ ആരോപിച്ചു. സര്‍ക്കാര്‍ അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നല്‍കിയിരുന്ന രണ്ട് ഗണ്മാന്മാരെ കൂട്ടാതെയാണ് മൂസൈവാല സഞ്ചരിച്ചതെന്നാണ് പോലീസ് നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: