വാഗമണ്‍: ഓഫ് റോഡ് റെയ്സില്‍ നടന് ജോജു ജോര്‍ജ്ജ് പിഴയടച്ചു.ജോജുവില്‍ നിന്ന് 5000 രൂപയാണ് പിഴയായി ഈടാക്കിയത്.അപകടകരമായി വാഹനം ഓടിച്ചതിനും, അനുമതിയില്ലാതെ റെയസില് പങ്കെടുത്തതിനുമാണ് പിഴ ഈടാക്കിയത്.എന്നാല്‍ റെയ്സില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാതെ പിഴമാത്രം നല്‍കിയത് എന്ന് ഇടുക്കി ആര്.ടി.ഓ ആര്.രമണന് പറഞ്ഞു.
നിയമവിരുദ്ധമായി ഓഫ് റോഡ് റെയ്സ് നടത്തിയതിന് ജോജുവിനും, സംഘാടകര്‍ക്കുമെതിരെ കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസ് ജില്ല കളക്ടര്‍ക്കും, ജില്ല പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും പരാതി നല്‍കിയിരുന്നു.കൃഷിയ്ക്ക് മാത്രമായി നല്കിയ സ്ഥലത്താണ് അനധികൃതമായി റെയ്സ് നടത്തിയതെന്ന് കെ.എസ്.യു ആരോപിച്ചു.
റെയ്സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇടുക്കിയില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ ഓഫ് റോഡ് റെയ്സുകള്‍ നടത്താന്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടുളളു.എന്നാല്‍ ജോജുവും സംഘവും റെയ്സ് നടത്തിയ സ്ഥലം അനുമതിയില്ലാത്തതായിരുന്നു.ഈ മാസം ആദ്യമാണ് ജോജുവും സംഘവും വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ഓഫ് റോഡ് റെയ്സ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: