ശ്രീജിത്ത് കെ.സി
പൊന്‍കുന്നം(കോട്ടയം): അടിസ്ഥാന സൗകര്യ വികസനം, നവീകരണം, ശൃംഖലയുടെ ശേഷി വിപുലീകരണം, ചരക്ക് ഗതാഗത വൈവിധ്യവത്കരണം എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നി റെയില്‍വേ വികസന കുതുപ്പിലേക്ക്. പ്രവര്‍ത്തനത്തിലും മാനേജ്മെന്റ് തലത്തിലും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പുത്തന്‍ മാറ്റങ്ങളാണ് നടപ്പാക്കുന്നത്.
രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പിപിപി മാതൃകയിലുള്ള റെയില്‍വേ സ്റ്റേഷനായ റാണി കമലാപതി റെയില്‍വേ സ്റ്റേഷന് 2021 നവംബര്‍ 15ന് രാജ്യത്തിന് സമര്‍പ്പിച്ചത് വികസനകുതിപ്പായി. ഇതേ മാതൃകയില്‍ 200ഓളം സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്.
2014 മുതല്‍ 2021 വരെ പുതിയ പാതകളും പാതകള്‍ ഇരട്ടിപ്പിക്കലും ഉള്‍പ്പെടെ പ്രതിവര്‍ഷം 1835 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പാത ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം എന്നിവയിലൂടെ 2400 കിലോമീറ്ററാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2904 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനായി. തിരുവനന്തപുരം-എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ കേരളം മുഴുവന്‍ ഇരട്ടപ്പാതയിലായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപ്പാതയിലായതോടെ ഇനി ട്രെയിനുകള്‍ പിടിച്ചിടേണ്ട അവസ്ഥമാറി.
2014 മുതല്‍ റെയില്‍വേ വൈദ്യുതീകരണം പതിന്മടങ്ങായി വര്‍ധിപ്പിക്കാനായി. 2022 മാര്‍ച്ച് 31 വരെ ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്ഗേജ് ശൃംഖലയുടെ 52,247 ബിജി റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിച്ചു. മൊത്തം 65,141 ബിജി റൂട്ട് കിലോമീറ്റര്‍ ശൃംഖലയുടെ 80 ശതമാനവും വൈദ്യുതീകരിച്ചു കഴിഞ്ഞു.68,800 കോച്ചുകളില്‍ ബയോ ടോയ്ലറ്റുകള് സ്ഥാപിച്ചതോടെ നൂറ് ശതമാനം ലക്ഷ്യത്തിലെത്തി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 400 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി സര്‍വ്വേ നടത്തി ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനമായി.
ജീവനക്കാരെ കൂടുതല്‍ പ്രൊഫണലാക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ക്കും തുടക്കമായി. ആദ്യഘട്ടത്തില്‍ 51,000 പേര്‍ക്ക് പരിശീലനം നല്കി. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷം ജീവനക്കാര്‍ക്കുകൂടി പരിശീലനം നല്‍കും. ഇതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരുണ്ട്. മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം ഐആര്ഐടിഎമ്മില് മാര്‍ച്ചിനകം പൂര്‍ത്തിയായി. ഓരോ ബാച്ചിലും ഏഴ് ഡിവിഷനില്‍ നിന്നുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നു.
പെരുമാറ്റ പരിവര്‍ത്തനം, കര്‍മശേഷി വര്‍ധിപ്പിക്കല്‍, പൊതുജനത്തോടുള്ള ഇടപെടലുകളിലെ സുതാര്യത എന്നിവ ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റിലാണ് പരിശീലനം. 68 ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരം മുന്‍നിര ജീവനക്കാര്‍ക്കു കൂടി മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.
അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണ്. ബറൂച്ചില്‍ തൂണുകളുടെ പണി പൂര്‍ത്തിയായി. 2026ല്‍ ഗുജറാത്തിലെ ബിലമോറയ്ക്കും സൂറത്തിനും ഇടയില്‍ പരീക്ഷണ ഓട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ. കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ കമാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: