പത്തനംതിട്ട :മനുഷ്യര്‍ക്കുള്ള ആധാര്‍ നമ്പര്‍ പോലെ മൃഗങ്ങള്‍ക്കും ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ മൃഗങ്ങളുടെ കാതുകളില്‍ കമ്മല്‍ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്.
മൃഗങ്ങളുടെ തൊലിക്കടിയില്‍ ഉപയോഗിക്കുന്ന ഞഎകഉ (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകള്‍, ആരോഗ്യപുരോഗതി, ഇന്‍ഷുറന്‍സ് എന്നീ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമാകും. റീ ബില്‍ഡ് കേരള’ യില്‍ ഉള്‍പ്പെടുത്തിയ ഇസമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള മൈക്രോ ചിപ്പ്, പത്തനംതിട്ട ജില്ലയില്‍ പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ്യത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്ന മൈക്രോചിപ്പ് പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ഓമല്ലൂര്‍ എ ജി ടി ഗ്രീന്‍ ഗാര്ഡന് ഫാമിലെ ‘അമ്മിണി’ എന്ന പശുവിലാണ് ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബീനപ്രഭ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: