കൊവിഡ് മഹാമാരി മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥരായ കുട്ടികള്‍ക്കുള്ള പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. മാതാപിതാക്കളോ രക്ഷിതാക്കളോ നഷ്ടപ്പെട്ട കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസംതോറും നാലായിരം രൂപയും ഉന്നതവിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പും ആയുഷ്മാന്‍ ഭാരതില്പ്പെടുത്തി അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും, ഇരുപത്തിമൂന്നുവയസ്സു തികയുമ്പോള്‍ പത്ത് ലക്ഷം രൂപയും ഈ പദ്ധതി വഴി ലഭിക്കും. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ അനാഥരായ കുട്ടികള്‍ക്കാണ് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ആനുകൂല്യങ്ങളുടെ വിതരണത്തിന് തുടക്കംകുറിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ കുട്ടികളുടെ ക്ഷേമത്തില്‍ എത്രമാത്രം താല്‍പ്പര്യമാണ് പ്രധാനമന്ത്രി മോദിക്കുള്ളതെന്ന് വ്യക്തമാകുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ദുഃഖം തനിക്കറിയാമെന്നും മാതാപിതാക്കള്‍ക്ക് പകരമാവാന്‍ മറ്റാര്ക്കുമാവില്ലെങ്കിലും ‘മാ ഭാരതി’ നിങ്ങള്ക്കൊപ്പമുണ്ടെന്നുമാണ് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞത്. ഇത് ഒരു വ്യക്തിയോ സര്‍ക്കാരോ ചെയ്യുന്ന കാര്യമല്ലെന്നും ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
ലോകത്തെ മുഴുവന്‍ തളര്‍ത്തിക്കളഞ്ഞ കൊവിഡ് മഹാമാരിയെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞ രാജ്യമാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇതില്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. ആബാലവൃദ്ധം ജനങ്ങളെയും ബാധിച്ച ഈ മഹാമാരിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും, അതിനുവേണ്ടി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഭരണാധികാരിയാണ് മോദി. ഇതിനായാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കപ്പെട്ടത്. ജനങ്ങള്‍ ഇതിലേക്ക് അകമഴിഞ്ഞ സഹായം നല്‍കിയത് ഇങ്ങനെയൊരു ഭരണാധികാരിയിലുള്ള വിശ്വാസംകൊണ്ടാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ സജ്ജീകരിക്കുന്നതിനും വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുമൊക്കെ ഈ പണം ഉപയോഗിച്ചു. ഇങ്ങനെയാണ് ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിച്ച് ആയിരക്കണക്കിന് ജീവനുകളെ മഹാമാരിയുടെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊവിഡ് മൂലം അകാലമരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടികളെ സഹായിക്കുന്നത്. അനാഥരായ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുക, വിദ്യാഭ്യാസത്തിലൂടെയും സ്കോളര്‍ഷിപ്പിലൂടെയും അവരെ ശാക്തീകരിക്കുക, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, സ്വയം പര്യാപ്തരാവാന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
ജനക്ഷേമം എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖമുദ്ര. മറ്റുള്ളവര്‍ അത് മുദ്രാവാക്യങ്ങളിലും കപടവാഗ്ദാനങ്ങളിലും ഒതുക്കിയപ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുമെന്നു പറയുന്ന ഓരോ കാര്യങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ നടപ്പാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് മോദി. വലുതും ചെറുതുമായ പദ്ധതികള്‍ പ്രഖ്യാപിച്ച് അഴിമതിക്കാര്‍ക്ക് മേഞ്ഞു നടക്കാന്‍ അവസരമൊരുക്കലല്ല മോദി ചെയ്യുന്നത്. പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നുണ്ടെന്നും, അതിന്റെ പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു. കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങളെ വഞ്ചിക്കുകയും അഴിമതി ആഗോളപ്രതിഭാസമാണെന്ന് ന്യായീകരിക്കുകയും ചെയ്ത ഭരണാധികാരികളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് താനെന്ന് എട്ട് വര്‍ഷത്തെ ഭരണത്തിലൂടെ മോദി തെളിയിച്ചിരിക്കുന്നു. പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ്സും ഇടതുകക്ഷികളും ഉള്‍പ്പെടുന്ന പ്രതിപക്ഷം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. അഴിമതി നടത്തി ശീലിച്ചവര്‍ക്ക് ഇതും മറ്റൊരു അഴിമതിയായിട്ടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ശേഖരിക്കുന്ന പണം പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ ഈ ധനസമാഹരണവുമായി മുന്നോട്ടുപോവുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. അതിന്റെ അനേകം സദ്ഫലങ്ങളിലൊന്നാണ് കൊവിഡ് അനാഥമാക്കിയ കുട്ടികള്‍ക്കുള്ള വിപുലമായ സഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: