തിരുവനന്തപുരം: എസ്എറ്റി ആശുപത്രിയിലെ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡ് ലഭിക്കണമെങ്കില്‍ ആയിരം രൂപ നല്‍കണം. പുതുതായി ലഭിക്കുന്നതിനും പുതുക്കുന്നതിനും ഈ തുക നല്‍കണം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
ഇരുന്നൂറോളം ജീവനക്കാരാണ് സതീശ് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയില്‍ കൂടി എസ്എറ്റി ആശുപത്രിയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ നൂറ്റി അമ്പതോളംപേര്‍ ഐഡി കാര്‍ഡ് പുതുക്കിയിട്ടില്ല. 2019 മുതല്‍ പുതുക്കാത്തവരും അനവധിയാണ്. ആറുമാസം മുമ്പാണ് ഐഡി കാര്‍ഡ് ലഭിക്കുന്നതിനും പുതുക്കുന്നതിനും ആയിരം രൂപ നല്‍കണമെന്ന നിര്‍ദ്ദേശം വന്നത്. ഇതോടെ ജീവനക്കാര്‍ കാലാവധി കഴിഞ്ഞ ഐഡി കാര്‍ഡ് പുതുക്കാതെയായി. കാര്‍ഡിനു വേണ്ടി നല്‍കുന്ന തുകയില്‍ നിന്ന് ഐഡി കാര്‍ഡിന്റെ നിര്‍മാണചെലവായ 100 രൂപ കുറവ് വരുത്തി ബാക്കി തുക ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ തിരികെ നല്‍കുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അമ്പതുരൂപ പോലും നിര്‍മാണചെലവ് വരാത്ത ഐഡി കാര്‍ഡിന് എന്തിന് 1000 രൂപ നല്‍കണമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. മാത്രമല്ല ഐഡി കാര്‍ഡിനെന്ന നിലയിലാണ് തുക നല്‍കുന്നത്. അധികമായി നല്‍കുന്ന തുകയ്‌ക്ക് രേഖകളൊന്നും നല്‍കില്ല. അതുകൊണ്ടുതന്നെ അധിക തുക തിരികെ ലഭിക്കുന്നതിന് ഉറപ്പില്ലെന്നും ജീവനക്കാര്‍ പറയുന്നു.
അതേസമയം മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ഐഡി കാര്‍ഡ് പരിശോധ നിര്‍ബന്ധമാക്കണമെന്ന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം എസ്എറ്റി ആശുപത്രിയില്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്ന് സംശയമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാജഡോക്ടര്‍ രോഗിയെ ചികിത്സിച്ച സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. ഇത് എസ്എറ്റിയില്‍ നടപ്പാക്കുന്നത് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സൊസൈറ്റി അധികൃതരുടെയും മെഡിക്കല്‍കോളജ് പ്രിന്‍സിപ്പാളിന്റെയും രഹസ്യ അജണ്ടയാണ് ഐഡി കാര്‍ഡിന്റെ പേരിലുള്ള പിടിച്ചുപറിയെന്നാണ് സൊസൈറ്റി ജീവനക്കാരുടെ ആക്ഷേപം.
ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറിയായ എസ്എറ്റി ആശുപത്രി സൂപ്രണ്ടിനും സൊസൈറ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ക്കും ഐഡി കാര്‍ഡിന് തുക ഈടാക്കുന്നത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് നിലപാട്. പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമായതുകൊണ്ട് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രിന്‍സിപ്പാളിനോട് ചോദിച്ചിട്ടില്ലെന്നാണ് സൊസൈറ്റി എഒ പറയുന്നത്. എന്നാല്‍ സൊസൈറ്റി സംബന്ധിച്ച കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍, എസ്എറ്റി സൂപ്രണ്ട്, എഒ എന്നിവരുള്‍പ്പെടെയുള്ള ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: