ന്യൂദല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ‘പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ’ ഭാഗമായി 2022 മേയ് 30ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികള്‍ക്കുള്ള സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും.
രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കാണ് പരിപാടിയില്‍ സഹായം ലഭിക്കുക. പരിപാടിയില്‍ വച്ച് പ്രധാനമന്തി കുട്ടികള്‍ക്ക് പ്രധാനപ്പെട്ട പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അവര്‍ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഗവണ്മെന്റിന്റെ മന്ത്രാലയങ്ങളും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് ഇത്. അതത് ജില്ലകളില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളായിരിക്കും വിവിധ രേഖകള്‍ അടങ്ങുന്ന ഫോള്‍ഡര്‍ കുട്ടികള്‍ക്ക് കൈമാറുക.
മാതാപിതാക്കള്‍ അല്ലെങ്കില്‍, നിയമാനുസൃതമുള്ള രക്ഷിതാക്കള്‍ അല്ലെങ്കില്‍ ദത്തെടുത്ത മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള രക്ഷിതാക്കള്‍ എന്നിവര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഗവണ്മെന്റിന്റെ കരുതലാണ് ഈ പദ്ധതി. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും മറ്റും നല്കി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നത് പദ്ധതിയുടെ ഏറ്റവും സുപ്രധാനമായ ലക്ഷ്യമാണ്. സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവരുടെ സ്കൂള്‍ ഫീസുകള്‍ മടക്കി നല്‍കുകയും ചെയ്യും. ഗവണ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കും.
വാത്സല്യപദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും സമഗ്രമായ പരിരക്ഷ ഉറപ്പാക്കും. ബന്ധുക്കളോടൊത്തു താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ സഹായധനമായി നല്‍കും. പരിരക്ഷ നല്കുന്ന സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെയുള്ള സഹായം ആ സ്ഥാപനത്തിന് ലഭ്യമാക്കും. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം വിദ്യാഭ്യാസം ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. പതിനെട്ട് വയസുമുതല്‍ 23 വയസുവരെയുള്ള കുട്ടികള്‍ക്ക് മാസംതോറും സ്റ്റൈപന്‍ഡ്. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ ലഭിച്ചിരിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ എക്ഗ്രേഷ്യാ സഹായം.
കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. അതിന്റെ പലിശ പി.എം. കെയേഴ്സില്‍ നിന്നും അടയ്ക്കും എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള സഹായ പദ്ധതികള്‍. കേരളത്തില്‍ നിന്ന് മൊത്തം 112 കുട്ടികള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതില്‍ 93 പേര് 18 വയസിന് താഴെയുള്ളവരും 19 പേര് 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരില്‍ പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് മലപ്പുറം തൃശൂര്‍ ജില്ലകളിലാണ്. പത്തുകൂട്ടികള്‍ വീതമാണ് ഇവിടെ നിന്നും ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പതിനെട്ടുവയസിന് മുകളിലുള്ളവരില്‍ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ആരുമില്ല. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് തിരുവനന്തപുരത്തുമാണ്. നാലുപേരാണ് ആനുകൂല്യത്തിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: