കൊച്ചി : ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടില്‍ പോലീസെത്തിയാണ് പിതാവ് അഷ്കറിനെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പിതാവിനെ പള്ളുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയില്‍ നിന്നും പോലീസ് എത്തിയശേഷം പള്ളുരുത്തി സ്റ്റേഷന് അധികൃതര്‍ കുട്ടിയുടെ പിതാവിനെ കൈമാറും. അതിനുശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കുട്ടിയെ കൗണ്‍സിലിങ്ങിനും വിധേയമാക്കും.
അതേസമയം ഇതിനുമുമ്പ് റാലികളില്‍ ഉപയോഗിച്ചിരുന്ന മുദ്രാവാക്യങ്ങളാണ് കുട്ടിവിളിച്ചത്. ആരും പഠിപ്പിച്ചതല്ലെന്നും, കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നത് വിളിച്ചതാണ്. സംഘപരിവാറിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ്. ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ ഒപ്പം താനും ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്. സംഘപരിവാറിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ്. അതില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതത്തിനെതിരായി ഒന്നുമില്ല. അതില്‍ എന്താണ് തെറ്റെന്ന് തനിക്ക് മനസ്സിലാകുന്നില്ല. റാലിക്ക് ശേഷം താനും കുടുംബവും ടൂര്‍ പോയതാണ്. അല്ലാതെ ഒളിവില്‍ പോയതല്ല. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരിച്ചെത്തിയതെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
അഭിഭാഷക പരിഷത്ത് നല്കിയ പരാതിയിലാണ് വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പോലീസ് കേസെടുത്തത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതിനു പിന്നാലെ ഇവര്‍ വീട് പൂട്ടി മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരുന്നു. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദത്തിന് ആസ്പദമായ സംഭവം. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യം വിളി വിവാദമായതോടെ സംഭവത്തില്‍ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകളും ഇടപെട്ടു. ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചതോടയാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.
മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ് ഉള്‍പ്പെടെ 20 പേര് അറസ്റ്റിലായിട്ടുണ്ട്. റാലിയില്‍ പങ്കെടുത്ത 20ല്‍ അധികം പേരെ ഇന്നലെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ 18 പേരുടെ അറസ്റ്റാണ് രാത്രി രേഖപ്പെടുത്തിയത്. ഇവരെ രാത്രി തന്നെ മജിസ്ട്രേട്ടിന് മുന്പില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: