ആലപ്പുഴ : റാലിക്കിടെ ഒരു കുട്ടി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പോലീസ് നരായാട്ട് നടത്തുകയാണെന്ന് ആരോപണവുായി പോപ്പുലര്‍ ഫ്രണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേക്ക് വഴിവെയ്ക്കുന്ന വിധത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിവെയ്ക്കുന്ന മുദ്രാവാക്യം വിളിപ്പിച്ചതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയും ഇതിനെതിരെ നിയമ നടപടി കൈക്കൊള്ളുകയും ചെയ്തു. ഇതോടെ പോലീസ് നടപടിക്കെതിരെ ആലപ്പുഴ എസ്പി ഓഫീസിലേക്ക് പ്രകടനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചിട്ടുണ്ട്. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പോലീസ് എന്നും നവാസ് ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകരായിരുന്ന ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം സംസ്ഥാനത്തെ എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ അപകടകരമായ രീതിയിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും കൊലപാതകങ്ങള്‍ നടത്താനും എസ്ഡിപിഐ ബോധപൂര്‍വ്വം ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ എസ്ഡിപിഐയുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിട്ടുണ്ട്.
എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്റലജിന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് എസ്ഡിപിഐയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്ന് വ്യക്തമാക്കി വീണ്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതെന്ന സൂചനയും റിപ്പോര്‍ട്ട് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: