കാഞ്ഞാണി: അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ അധികൃതര്‍ അഴിച്ചുകൊണ്ടു പോയ ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ എവിടെയെന്ന ചോദ്യവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്ത്. റഗുലേറ്റര്‍ വികസനത്തിന് കോടികള്‍ അനുവദിച്ചെന്ന് പറഞ്ഞവരോട് നന്നാക്കാന്‍ കൊണ്ടുപോയ മോട്ടോറുകളെ കുറിച്ച് ചോദിച്ചാല്‍ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏനാമാവ് റഗുലേറ്റര്‍ പരിസരത്ത് രൂപപ്പെട്ട ഗര്‍ത്തവും റോഡ് തകര്‍ന്ന പ്രദേശവും സന്ദര്‍ശിച്ചതായിരുന്നു ജോസ് വള്ളൂര്‍.
ഇറിഗേഷന്‍ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിലായിരിക്കുകയാണ്. ഇതുമൂലം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്. വളയംകെട്ട് സംരക്ഷിക്കുന്ന ഇറിഗേഷന്‍ അധികൃതര്‍ തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് വള്ളൂര്‍ പറഞ്ഞു. ഡിസിസി സെക്രട്ടറി കെ.കെ. ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.ജി. അശോകന്, വെങ്കിടങ്ങ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന് മഞ്ചറമ്പത്ത്, മണലൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.വി. അരുണ്‍ എന്നിവര്‍ ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
അറ്റകുറ്റപ്പണിയുടെ പേരില്‍ തട്ടിപ്പ്
2018 ലെ പ്രളയ സമയത്ത് ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം വിഫലമായത് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലമാണെന്ന് തെളിഞ്ഞിരുന്നു. ഷട്ടറുകള്‍ ഓരോന്നായി ഉയര്‍ത്തി പ്രളയജലം ഒഴുക്കി കളയാന്‍ നോക്കിയപ്പോള്‍ ഷട്ടര്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ അറ്റകുറ്റപ്പണിക്കെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ അഴിച്ചുകൊണ്ടുപോയതു മൂലം കൈകൊണ്ട് തിരിച്ചാണ് ഓരോ ഷട്ടറും ഉയര്‍ത്തിയത്. മോട്ടോര്‍ ഇല്ലാത്തതിനാല്‍ രണ്ടര മണിക്കൂര്‍ വേണം ഓരോ ഷട്ടറും കൈ കൊണ്ട് ഉയര്‍ത്താന്‍. ഇത് മൂലം അടിയന്തര ഘട്ടങ്ങളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. 16 മോട്ടോറുകളാണ് ഇവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അഴിച്ചുകൊണ്ടുപോയതെന്നു റഗുലേറ്റിലെ ജീവനക്കാരന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: