തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്നു. കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്വീശാന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. വെള്ളിയാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാലവര്‍ഷമെത്തുന്നതിന് മുന്നോടിയായി ഇടുക്കിയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്കി. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇടുക്കി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറക്കും.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റോഡരികില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡില്‍ കാഴ്ച മറയ്ക്കുന്ന രീതിയില്‍ വളര്‍ന്നു നില്ക്കുന്ന കാട് വെട്ടി നീക്കണം. തോട്ടം മേഖലയില്‍ റോഡരുകില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പിനും നിര്‍ദ്ദേശം നല്കി.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തില്‍ രാവിലെ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട് ഇന്നലെ രാത്രി തുടങ്ങിയ മഴ രാവിലേയും തുടരുകയാണ്. ഇതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. രാത്രി കനത്ത മഴ പെയ്തതോടെ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡ്, കലൂര്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡ് എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. പശ്ചിമ കൊച്ചിയിലും പലയിടത്തും വെള്ളം കയറി. തൃപ്പുണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ ഒഴിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: