ശ്രീനഗര്‍: ജമ്മു കശ്മീരിലെ 20,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്കുന്നു. പേഴ്സണല്‍ മന്ത്രാലയത്തിലെ ഭരണപരിഷ്കാര വകുപ്പിന്റെ നേതൃത്വത്തിലാകും പരിശീലനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഭരണക്രമങ്ങളിലൂടെ ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനഗറില്‍ നടക്കുന്ന ദ്വിദിന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാതല പരാതിപരിഹാര കേന്ദ്രങ്ങളുള്ള രാജ്യത്തെ ആദ്യ കേന്ദ്രഭരണപ്രദേശമായി ജമ്മു-കശ്മീര്‍ മാറിയിട്ടുണ്ടെന്നും 2020 ഒക്ടോബറില്‍ത്തന്നെ ഇത് സെന്‍ട്രല്‍ ഗ്രീവന്‍സ് പോര്‍ട്ടലുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സദ്ഭരണ സൂചികയുള്ള രാജ്യത്തെ ആദ്യത്തെ കേന്ദ്രഭരണപ്രദേശമാണ് ജമ്മു കശ്മീര്‍.
ഈ വര്‍ഷം ജനുവരിയില്‍ 20 ജില്ലകള്‍ക്കായി സദ്ഭരണസൂചിക പുറത്തിറക്കി. ശാസ്ത്രീയമായി വികസിപ്പിച്ച സൂചികകളെ അടിസ്ഥാനമാക്കി, പിന്നാക്കം നില്ക്കുന്ന ജില്ലകളുടെ വികാസം ലക്ഷ്യമിട്ടുള്ള ‘അഭിലാഷ ബ്ലോക്കുകള്‍’ എന്ന ആശയം കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ബാരാമുള്ളയും കുപ്വാരയും ആസ്പിറേഷണല് ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന് (എഡിപി) കീഴിലായതിന്റെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച്, തത്സമയ മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയുള്ള ചലനാത്മക സമീപനമാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന സമ്പദ്വ്യവസ്ഥയില് പൂര്‍ണ്ണമായി പങ്കുചേരാനുള്ള ആളുകളുടെ കഴിവ് മെച്ചപ്പെടുത്തുന്നതില്‍ എഡിപി ശ്രദ്ധ കേന്ദ്രീകരിക്കും. കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഇത് ഭരണപരിഷ്കാരങ്ങള്‍ മാത്രമല്ല, ആഗോള ലോകത്തിന്റെ ഭാഗമാകാനുള്ള പാതയില്‍ ഇന്ത്യയെ എത്തിക്കുന്നതിനുള്ള സാമൂഹിക മുന്നേറ്റങ്ങളാണെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: