കൊച്ചി: ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള് ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളമെന്ന് കെജ്രിവാള് പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പൊതുസമ്മേളനത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. കേരളത്തിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപിക്ക് കഴിയുമെന്ന് കെജ്രിവാള് പറഞ്ഞു.കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകും. ആപും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്!രിവാള്‍ അവകാശപ്പെട്ടു.
”പത്തു വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിയേയോ അരവിന്ദ് കെജ്രിവാളിനെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. ഇനി കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു സാധിക്കും” കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ കൈക്കൂലി ഇല്ലാതാക്കി. ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ മതിപ്പുളവാക്കുന്നതാണെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു.
”ഞങ്ങള്‍ സത്യത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇതൊന്നും മാജിക്കല്ല. ഞാന്‍ അണ്ണാ ഹസാരെയ്ക്കൊപ്പം 15 ദിവസം നിരാഹാരം കിടന്നിട്ടുണ്ട്. പ്രമേഹ രോഗിയായ ഞാന്‍ ദിവസവും ശരീരത്തില്‍ ഇന്‍സുലിന്‍ കുത്തിവച്ചിരുന്നു. നിങ്ങള്‍ ഇത്ര ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയാല്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒന്നും സംഭവിച്ചില്ല” – കെജ്രിവാള് പറഞ്ഞു.
‘ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെ വര്‍ഷങ്ങളോളം എംഎല്‍എമാരായി ഇരുന്നവരെ എഎപിയുടെ പുതുമുഖങ്ങള്‍ തോല്‍പ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ഛന്നിയെ തോല്‍പ്പിച്ചത് ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ്’ –
”ഡല്‍ഹിയില്‍ സര്‍ക്കാര്‍ വൈദ്യുതി സൗജന്യമാക്കി. കേരളത്തില്‍ വൈദ്യുതി സൗജന്യമാണോ? ഡല്‍ഹിയില്‍ വൈദ്യുതി സൗജന്യമാക്കാമെങ്കില് കേരളത്തിലും സാധിക്കും. പക്ഷേ അതിന് നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാര്‍ വേണം’ കെജ്രിവാള് പറഞ്ഞു..
ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിലെ ജനസംഗമ പരിപാടിയിലായിരുന്നു സഖ്യ പ്രഖ്യാപനം.
കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും കെജ്രിവാൾ സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: