നെടുമ്പ്രം (തിരുവല്ല): വില കുറഞ്ഞ മദ്യത്തിന് സംസ്ഥാനത്ത് ആവശ്യമേറിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന ജവാന് റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നില്ല. സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ മദ്യനിര്‍മാണ കമ്പനികളെ സഹായിക്കുന്നതിനാണ് ഉത്പാദനം കൂട്ടാത്തതെന്നാണ് ആരോപണം.
സര്‍ക്കാരിന്റെ കീഴിലുള്ള വളഞ്ഞവട്ടം ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ച് ട്രാവന്‍കൂര്‍ ഷുഗേഴ്സ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കത്ത് നല്‍കിയിരുന്നു. ഇതിന്മേല് സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിച്ചില്ല.
പ്രതിദിനം 8000 കെയ്സ് ജവാനാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 18,000 കെയ്സായി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് സര്‍ക്കാരിന് മുന്നില്‍ വച്ചത്. ഒരു കെയ്സില് ഒരു ലിറ്റര്‍ മദ്യം ഉള്‍ക്കൊള്ളുന്ന 10 പ്ലാസ്റ്റിക് ബോട്ടിലുകളാണുള്ളത്. കൂടുതല്‍ മദ്യം ഉത്പാദിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ കമ്പനിയില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഫാക്ടറിയില്‍ ഓട്ടോമാറ്റിക് ലൈനുകളുടെ എണ്ണം നാലെണ്ണമാണ്. പുതിയതായി ആറെണ്ണം കൂടി സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ മുഴുവനും നടത്തിയെങ്കിലും കെട്ടിടത്തിന് പഞ്ചായത്തിന്റെ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
ഇതിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജവാന്റെ സമാന വിലയുള്ള മദ്യമെത്തിച്ച് വില്‍പ്പന നടത്താനുള്ള ശ്രമം ബെവ്കൊ നടത്തുന്നുണ്ട്. ജവാന് മദ്യ കുപ്പിക്ക് 600 രൂപയാണ് നിലവിലത്തെ വില.
ഇത് 60 രൂപ കൂടി വര്‍ധിപ്പിച്ച് 660 ആക്കി ഉയര്‍ത്താനുള്ള നീക്കവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: