ചാത്തന്നൂര്‍: മീനാട് വാര്‍ഡില്‍ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. തൊട്ടടുത്ത വയലിന്റെ ഉടമസ്ഥന് കേസിന് പോയതോടെയാണ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ത്തിവച്ചത്.
30 സെന്റോളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് ഇവിടെയുള്ളത്. ഈ ഭൂമിയിലാണ് നേതാജി സാംസ്കാരികകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1987ല്‍ ഈ ഭൂമിയില്‍ നിന്നും ഇരുപത്തിമൂന്നര സെന്റ് നേതാജി സാംസ്കാരിക നിലയത്തിന് റവന്യു വകുപ്പ് പട്ടയം നല്‍കുകയും നേതാജി സാംസ്കാരികനിലയം ആ ഭൂമി പഞ്ചായത്തിന് സറണ്ടര്‍ ചെയ്തിട്ടുള്ളതുമാണ്. ഇപ്പോള്‍ നിര്‍മിക്കുന്ന കളിക്കളം പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്ന ഭൂമി കഴിഞ്ഞാല്‍ ബാക്കിയുള്ള ഭൂമി അങ്കണവാടി പോലുള്ള പൊതു കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നാണ് പൊതുവായ ആവശ്യം. അതിന് പകരം തൊട്ടടുത്തുള്ള ഡാറ്റ ബാങ്കില്പെടുന്ന വയലിലേക്ക് പോകാനുള്ള വഴിക്കു വേണ്ടിയാണ് വയലിന്റെ ഉടമസ്ഥന് കോടതിയില്‍ കേസ് നല്‍കിയത്.
കളിക്കളം പദ്ധതിക്ക് വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ഭൂമിയുടെ മധ്യഭാഗത്ത് കൂടി വഴി നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇതിന് വേണ്ടി നടത്തുന്ന അണിയറ നീക്കങ്ങളുടെ ഭാഗമായി കളിക്കളം പദ്ധതി തടസപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വയലിന്റെ ഉടമസ്ഥന് കോടതിയില്‍ കൊടുത്ത വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ് ചാത്തന്നൂര്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഒത്താശയോടെ ഒരു വിഭാഗം സിപിഎം നേതാക്കള്‍. ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ ദേശീയപാതയോരത്ത് മീനാട് വാര്‍ഡിലുള്ള ഈ പഞ്ചായത്ത് വക ഭൂമിയില്‍ കളിക്കളം പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി കഴിച്ച് ബാക്കിയുള്ള ഭൂമിയില്‍ അങ്കണവാടിക്കും മറ്റും പൊതുജനകാര്യത്തിനായി ഉപയോഗിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: