ഡി. പാര്‍വതിയമ്മ
സ്വാമി ചിന്മയാനന്ദ സരസ്വതിയെ ശ്രീകൃഷ്ണന്റെ പ്രതിനിധിയായോ ഭഗവാന്റെ വിഭൂതിയായോ ആണ് ലോകം മുഴുവനുള്ള ചിന്മയാ വിദ്യാര്‍ത്ഥികള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ആരാണ് അദ്ദേഹം? ഗീതാശാസ്ത്രത്തെ തുറന്ന വേദികളില്‍ സാധാരണക്കാര്‍ക്കായി പകര്‍ന്നു കൊടുത്ത ഗീതാചാര്യന്. പ്രഗത്ഭരായ സ്വാമിമാരുടെ ആത്മീയ സ്രോതസ്സായി മാറിയ ചിന്മയാ മിഷന്റെ സാരഥി. ആ മഹാപ്രഭുവിന്റെ ആത്മീയചൈതന്യത്തില്‍, സത്സംഗ വേദികളില്‍ പ്രകാശിക്കാന്‍ കഴിയുന്ന സംന്യാസിമാര്‍ നിരവധിയാണ്. അന്താരാഷ്ട്രതലത്തില്‍ ചിന്മയാനന്ദ സ്വാമികളുടെ ഗീതാപ്രഭാവം അഭൗമമാണ്.
1916 മെയ് എട്ടിനാണ് എറണാകുളത്തെ പൂത്താംപള്ളി കുടുംബത്തില്‍ അദ്ദേഹം ഭൂജാതനായത്. ബാലന് എന്നു പേരുള്ള ബാലകൃഷ്ണ മേനോനായി അദ്ദേഹം വളര്‍ന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ബാലകൃഷ്ണ മേനോന് നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യ ഈ സമയത്ത് രാഷ്ട്രീയപരമായി പ്രതിസന്ധി ഘട്ടത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും മൂലം കടുത്ത പ്രതിസന്ധിയിലൂടെ ഭാരതം കടന്നു പോകുന്ന അവസരത്തില്‍ ബാലകൃഷ്ണ മേനോന് സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ട് ജയില്‍വാസമനുഭവിച്ചു.
ജയില്‍ മോചിതനായ ബാലകൃഷ്ണമേനോന് പിന്നീട്, സ്വാമി ശിവാനന്ദയുടെ ‘ഡിവൈന്‍ ലൈഫ്’ എന്ന ആത്മീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1949 ല്‍ സ്വാമി ശിവാനന്ദയില്‍ നിന്ന് ‘സ്വാമി ചിന്മയാനന്ദന്’ എന്ന പേരില്‍ Â സംന്യാസം സ്വീകരിച്ചു. ആത്മീയതയിലേക്ക് അദ്ദേഹത്തെ വാര്‍ത്തെടുക്കുന്നതില്‍ മൂന്നു സംന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ശിവാനന്ദസ്വാമികള്‍, തപോവന സ്വാമികള്‍, ചട്ടമ്പിസ്വാമികള്‍ എന്നിവരായിരുന്നു ആ ആധ്യാത്മിക ഗുരുക്കള്‍. 1993 ആഗസ്ത് മൂന്നു വരെ സ്വാമിജി എന്നും തന്റെ കര്‍മമണ്ഡലത്തില്‍ പ്രതിജ്ഞാ ബദ്ധനായിരുന്നു. Â
ഭാരതീയ ചിന്താധാര എക്കാലവും നൂതനമായി കാണുന്നതിന്റെ കാരണം ആധുനിക ശാസ്ത്രം ആ ചിന്താധാരയ്ക്ക് എതിരല്ല എന്നതിനാലാണ്. ആ ചിന്താധാരകളുടെ മൂലഗ്രന്ഥം ഭഗവദ്ഗീതയാണ്. മനഃശാസ്ത്രത്തിന്റെ തലത്തിലേക്ക് നമ്മുടെ ചിന്താപദ്ധതികളെ ഉയര്‍ത്തുന്ന ഒരേയൊരു ഗ്രന്ഥം ഭഗവദ്ഗീത മാത്രമാണെന്നാണ് പറയുന്നത്. ലോകശ്രദ്ധയെ മുഴുവന്‍ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ സ്വാമി വിവേകാനന്ദന് ഭഗവദ്ഗീതയാണ് ഉദാഹരിച്ചത് എന്നോര്‍ക്കുക. ഭഗവദ്ഗീതാ പഠനത്തിലൂടെയേ പൂര്‍ണമായ വിദ്യാഭ്യാസം സാക്ഷാത്ക്കരിക്കാനാവൂ. ആറ്റംബോംബ് വിസ്ഫോടന സമയത്തും ഗീത പരാമര്‍ശിക്കപ്പെടുന്നുണ്ട്. വിദേശരാജ്യങ്ങളിലെ മിക്ക സര്‍വകലാശാലകളിലും പാഠ്യപദ്ധതിയുടെ ഭാഗമാണ് ഭഗവദ്ഗീത.
ഒരു മഹായുദ്ധത്തിന്റെ മധ്യത്തിലാണ് ഭഗവദ്ഗീത പിറക്കുന്നത്. ഭയമോ, പരാജയഭീതിയോ ഒന്നുമല്ല, അര്ജുനനന് എന്ന ക്ഷത്രിയവീരനെ കുഴക്കിയത്. മമത തന്നെയായിരുന്നു. ഭഗവാനാകട്ടെ അര്ജുനനോട് യുദ്ധം ചെയ്യാന്‍ കല്പ്പിക്കുന്നുമില്ല. കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. സനാതന ധര്മത്തില് കല്പനകളില്ലല്ലോ. ‘യഥേച്ഛതി ദഥാ കുരുഃ’ ലോകം മുഴുവനുളള എല്ലാ ജനതയ്ക്കും സ്വാമിജി ഗീതയിലൂടെ ചൈതന്യം പകര്‍ന്നു നല്കി. ഇന്ന് എല്ലാവരും മതത്തിന്റെ പിന്നാലെ പായുകയാണ്. സ്വാമിജിയിലൂടെ നാം കേട്ടത് ‘മയി സര്‍വം ഇദം പ്രോതം സൂത്രേ മണിഗണായിവ’ എന്നാണ്. എപ്പോള്‍ ഗീത വായിച്ചാലും പുതുയുള്ളതെന്തോ ഒന്ന് നമുക്ക് അനുഭവവേദ്യമാകുന്നു. യുവാക്കളില്‍ സ്വാമിജിക്ക് വളരെ വിശ്വാസമായിരുന്നു. മഹത്വപൂര്‍ണമായൊരു ഭാരതം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. കുട്ടികളെയും വളരെയധികം ഇഷ്ടമായിരുന്നു. കുത്തിനിറയ്ക്കേണ്ട പാത്രങ്ങളല്ല കുട്ടികള്‍, കൊളുത്തേണ്ട വിളക്കുകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടിക്കാലത്തു തന്നെ ഗീതാപഠനം തുടങ്ങേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാത്മ ബുദ്ധിയോടെ വിഭ്രാന്തിയില്ലാതെ കര്‍മരംഗത്തു മുന്നേറാനാണ് ഭഗവദ്ഗീത നമ്മെ ഉപദേശിക്കുന്നത്. കാമ, ക്രോധ, മോഹങ്ങളോട് യുദ്ധം ചെയ്ത് വിജയിക്കുക. ഗീതയുടെ പ്രധാനസന്ദേശമാണ് പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പതര്‍ച്ച അരുത് എന്നത്. ‘ക്ലൈബ്യം മാസ്മ ഗമ പാര്‍ത്ഥാ…’ എന്നതാണ് അര്‍ജുനന്മാരായ നമ്മോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. മനസ്സിന്റെ നിസ്സാര ബലഹീനതകളെ വലിച്ചെറിഞ്ഞ് ധീരമായി യുദ്ധം ചെയ്യണം. യുദ്ധം എന്നത് നമ്മുടെ കര്‍മമാണെന്ന് ഗുരുദേവന് നമുക്ക് അവബോധം പകരുന്നു.
ഗീതയെപ്പോലെ മറ്റൊരു വഴികാട്ടിയില്ല. വിലമതിക്കാനാവാത്ത ഈ മഹാഗ്രന്ഥത്തെ, അഥവാ തത്ത്വശാസ്ത്രത്തെ, വെളിച്ചത്തെ കൂടുതല്‍ പേരിലേക്ക് പകര്‍ന്നു കൊടുത്ത ഗുരുദേവന് സ്വാമി ചിന്മയാനന്ദജിക്ക് പ്രണാമം.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: