കൊച്ചി: തകരാറിലായി റോഡിലിറക്കാന്‍ പോലും സാധിക്കാത്ത ബസ്സുകള്‍ യഥാസമയം വിറ്റിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് സഹായകമാകില്ലേയെന്ന് ഹൈക്കോടതി. സഹായത്തിനായി കെഎസ്ആര്‍ടിസി പണം ചോദിക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേയെന്നും സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാസര്‍കോഡ് സ്വദേശി എന്‍. രവീന്ദ്രന് ഫയല്‍ ചെയ്ത പൊതുതാത്പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന.
കെഎസ്ആര്‍ടിസിക്ക് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗമില്ലാതെ കിടക്കുന്ന ബസ്സുകള്‍ വിറ്റാല്‍ തീരുന്നതല്ലേ. സര്‍ക്കാര്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ചോദിച്ച കോടതി, സഹായത്തിന് പണം ചോദിക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേയെന്നും വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എവിടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍, ബസ്സുകള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് ചുമതലയില്ലേ. എഞ്ചിനീയറിങ് ജീവനക്കാര്‍ അടക്കമുള്ള സംഘം കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ അവര്‍ എവിടെ, വോള്‍വോ ബസുകള്‍ ഷോപ്പ് ഓണ്‍ വീല്‍ ആക്കിയാല്‍ എങ്ങനെയാണ് ലാഭത്തിലാകുകയെന്നും ചോദിച്ചു.
റോഡിലിറക്കാന്‍ കഴിയാത്തവിധം തകരാറിലായ ബസുകള്‍ വെറുതെ ഉപേക്ഷിക്കുന്ന പ്രവണതയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. യഥാസമയം വില്‍ക്കാതെ സ്വന്തം ബസാണെങ്കില്‍ ആരെങ്കിലും ഇങ്ങനെ റോഡിലും യാര്‍ഡിലുമിട്ട് നശിപ്പിക്കുമോയെന്നും കോടതി ചോദിച്ചു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകള്‍ യഥാസമയം വിറ്റാല്‍ എത്രവില കിട്ടും. അങ്ങനെയല്ലേ സ്വകാര്യ ബസ്സുടമകളൊക്കെ ചെയ്യുന്നത്. ബസുകള്‍ കെഎസ്ആര്‍ടിസിയുടെ സ്വത്തല്ലേ. ആരും ചോദിക്കാനില്ലാത്തതിനാലാണ് ഇങ്ങനെ റോഡിലിട്ടിരിക്കുന്നതെന്നും മാധ്യമങ്ങളിലെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോടതി അഭിപ്രായപ്പെട്ടു. ചിത്രങ്ങള്‍ കോടതിയെപ്പോലും വേദനിപ്പിക്കുന്നതാണ്.
920 ബസുകള്‍ കണ്ടംചെയ്യാനുണ്ടെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇതില്‍ 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കി മാറ്റുമെന്നും മറുപടി നല്കി. അതേസമയം ബസുകള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികളും തുടര്‍ നടപടികളും വിശദീകരിച്ച് വിശദ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കോടതി സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ പ്രവത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 31-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: