കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതുമൂലം 2050 ആകുന്നതോടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം. നോയിഡ ആസ്ഥാനമായുള്ള ഐപിസിസിയുടെ (ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) പഠനത്തിലാണ് പരിഭ്രാന്തി പരത്തുന്ന വിവരം. സമുദ്രനിരപ്പ് ഉയരുന്നത് കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും ഇത്ര കൃത്യമായ പഠനം ആദ്യമാണ്.
രാജ്യത്തെ മറ്റു നഗരങ്ങളും പഠന വിഷയമായിട്ടുണ്ട്. മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം നഗരങ്ങളും ഭാഗികമായി വെള്ളത്തിനടിയിലാകും. ഇതോടെ പ്രളയ സമാനമായ അന്തരീക്ഷമാകും നഗരങ്ങള്‍ നേരിടേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങള് വിശദമായി പഠിക്കുന്ന സ്ഥാപനമാണ് ഐപിസിസി.
2050ല്‍ കൊച്ചിയിലെ 1502 കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമ്പോള്‍ 464 കെട്ടിടങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം ഉപയോഗശൂന്യമാകും. ഈ കെട്ടിടങ്ങള്‍ കൂടുതലും പാര്‍പ്പിട (91 ശതമാനം), വാണിജ്യ (ആറു ശതമാനം) വിഭാഗങ്ങളില്‍പ്പെടുന്നു. രണ്ടു ശതമാനം വ്യാവസായിക, തുറമുഖ, ഫെറി ടെര്‍മിനല്‍ കെട്ടിടങ്ങളാണ്. ഇവയ്ക്കു പുറമേ, 10 മുതല്‍ 53 കിലോമീറ്റര്‍ വരെയുള്ള റോഡുകളും വെള്ളത്തിനടിയിലാകും. ഇതിനാല്‍ നിര്‍ദിഷ്ട തീരദേശ ഹൈവേ പണിയുന്നതില്‍ അര്‍ഥമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഐസിടി റോഡ് (എന്‍എച്ച് 966 എ), ഇന്ദിര ഗാന്ധി റോഡ് (എന്‍എച്ച് 66), വേളാങ്കണ്ണി പള്ളി സ്ട്രീറ്റ് (എസ്എച്ച് 66), കുമ്പളങ്ങി റോഡ്, സൗദി മണാശ്ശേരി റോഡ്, തോപ്പുംപടി പാലം, പറവൂര്‍-ചെറായി റോഡ്, വൈപ്പിന്‍-പള്ളിപ്പുറം റോഡ്, ഗോശ്രീ റോഡ്, കേളമംഗലം റോഡ്, എട്ടുപുരയ്ക്കല്‍ റോഡ്, പാറയില്‍ ജങ്ഷന് റോഡ്, വെളുത്തുള്ളി നോര്‍ത്ത് റോഡ്, ഇരപ്പുഴ റോഡ്, കുണ്ടേക്കടവ് റോഡ്, മൊന്തച്ചാല്‍ റോഡ്, സെന്റ് അഗസ്റ്റിന്‍സ് റോഡ്, പൂജപ്പുര റോഡ് എന്നിവയാണു വെള്ളത്തിനടിയിലാകുക.
തിരുവനന്തപുരത്ത് 387 കെട്ടിടങ്ങളെ ബാധിക്കും. ഇതില്‍ 60 ശതമാനം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും 40 ശതമാനം വാണിജ്യ കെട്ടിടങ്ങളുമാകും. സ്റ്റാര്‍ റോഡ്, എയര്‍പോര്‍ട്ട്-വലിയതുറ റോഡ്, ലാന റോഡ്, കോവളം ബീച്ച് റോഡ് എന്നിവ വെള്ളത്തിനടിയിലാകുമെന്ന് പഠനം വ്യക്തമാക്കുന്നു. കൊച്ചിയെ അപേക്ഷിച്ചു തിരുവനന്തപുരത്തു തീരത്തെ നിര്‍മിതികള്‍ കുറവായതാണു നാശം കുറയുന്നതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: