ന്യൂദല്‍ഹി : നിരവധി മേഖലകളില്‍ വെല്ലുവിളികളും തെരഞ്ഞെടുപ്പും അഭിമുഖീകരിക്കുന്ന സമയത്താണ് താന്‍ യൂറോപ്പ് സന്ദര്ശനത്തിനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡെന്മാര്ക്ക്, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കുള്ള ത്രിദിന സന്ദര്‍ശനത്ത് പുറപ്പെടുന്നതിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉക്രെയ്നെതിരെ റഷ്യ യുദ്ധം നടത്തുന്നത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദര്‍ശനം. മൂന്ന് രാജ്യങ്ങളുമായി സന്ദര്‍ശനവേളയില്‍ നയതന്ത്ര- പ്രതിരോധ മേഖലയില്‍ നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളും. പ്രധാനമന്ത്രിയുടെ 2022ലെ ആദ്യ വിദേശ പര്യടനം കൂടിയാണ് ഇത്. തിങ്കളാഴ്ച പുറപ്പെടുന്ന പ്രധാനമന്ത്രി ആദ്യം ജര്‍മ്മനിയും പിന്നീട് ഡെന്മാര്ക്കും സന്ദര്‍ശിക്കും അതിനുശേഷം ഫ്രാന്‍സിലെത്തി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.
ഡെന്മാര്ക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഐലന്‍ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്സ്ഡോട്ടിര്, നോര്‍വെ പ്രധാനമന്ത്രി ഗഹര്‍ സ്റ്റോര്‍, സ്വീഡന് പ്രധാനമന്ത്രി മഗ്ദലീന ആന്ഡേഴ്സണ് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന് എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സിന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി രാജ്യത്തെത്തുന്നത്. ഇന്ത്യ- ഡെന്മാര്ക്ക് ബിസിനസ് ഫോറത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജര്‍മനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. 2000 മുതല്‍ ഇന്ത്യയും ജര്‍മ്മനിയും തന്ത്രപ്രധാന പങ്കാളികളാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിശാലമായ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും ഫ്രാന്‍സും നയതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ രു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നു കൂടി മെച്ചപ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് രാജ്യങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന സന്ദര്‍ശനത്തില്‍ 65 മണിക്കൂറുകള്‍ക്കുള്ളില്‍ 25 ദൗത്യങ്ങള്‍ നടത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 50 ആഗോള വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: