ന്യൂദല്‍ഹി: നീതിന്യായ മേഖല പരിഷ്കരിക്കേണ്ടത് മാനുഷികമായ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നര ലക്ഷത്തോളം പേരാണ്, രാജ്യത്തൊട്ടാകെ വിചാരണ നേരിടുന്നതും ജയിലില്‍ കഴിയുന്നതും. ഇവരില്‍ ഭൂരിഭാഗവും ദരിദ്രരോ സാധാരണ കുടുംബങ്ങളില്‍ നിന്നോ ഉള്ളവരാണ്. എല്ലാ ജില്ലകളിലും ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുണ്ട്. കേസുകള്‍ അവലോകനം ചെയ്ത്, പുറത്തു വിടാന്‍ കഴിയുന്ന തടവുകാരെ ജാമ്യത്തില്‍ വിടാന്‍ ഈ സമിതിക്ക് കഴിയും. ഇക്കാര്യത്തിന് മുന്‍ഗണന നല്കാന് മോദി മുഖ്യമന്ത്രിമാരോടും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും അഭ്യര്‍ഥിച്ചു.
സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ് മധ്യസ്ഥത. മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പാരമ്പര്യം നമുക്കുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം മധ്യസ്ഥബില് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നീതിനിര്‍വഹണത്തിലെ കാലതാമസം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുവരികയാണ്. കേസ് നടത്തിപ്പിനായി ഐസിടിയെ വിന്യസിച്ചിട്ടുണ്ടെന്നും ജുഡീഷ്യറിയിലെ ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കണം. ഇത് രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ സഹായിക്കും. അതിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും.
അപ്രസക്തമായ 1800 നിയമങ്ങള്‍ ഇതിനകം കേന്ദ്രം റദ്ദാക്കിയതായും അറിയിച്ചു. ഇത്തരം 75 നിയമങ്ങള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ ഇതുവരെ നീക്കം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരും സമാന നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത്, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പ്രൊഫ. എസ്.പി. സിംഗ് ബാഗല്, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: