കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ച യുവതിയെ കണ്ടെത്താന്‍ പോലീസ്. പേര് വെളിപ്പെടുത്താത്ത യുവതിയാണ് വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബുവിനെതിരെ ആരോപണമുന്നയിച്ചത്. യുവതിയെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സിനിമ മേഖലയുമായി ബന്ധമുള്ളയാളാണ് ആരോപണം ഉന്നയിച്ചതെന്നാണ് സൂചന. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതി എഴുതി വാങ്ങാനുമാണ് പോലീസിന്റെ തീരുമാനം.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. 2021 നവംബറിലാണ് സംഭവം നടന്നത്. ജോലിയുമായി ബന്ധപ്പെട്ടാണ് ഇരുവരും കണ്ടുമുട്ടിയത്. ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായ വിഷയങ്ങളില്‍ സഹായം വാഗ്ദാനം ചെയ്തു. അതിനിടെ മദ്യവുമായെത്തിയ വിജയ് ബാബു തന്റെ ചുണ്ടില്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു. പി ന്നീട് ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചു.
ദുര്‍ബലരായ സ്ത്രീകള്‍ക്ക് സഹായം വാഗ്ദാനം നല്കി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് അയാളെന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അതിജീവിതയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും കുറിപ്പില്‍ പറയുന്നു. ഇതിനിടെ, ബലാത്സംഗ കേസില്‍ നടന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയില്‍ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു രീതിയിലും ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ വിജയ് ബാബു ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പോലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ വിജയ് ബാബു വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: