തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കാന്‍ പോകുന്ന ഓള് ഇന്ത്യ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരത്ത് സ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ എയിംസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരള ജനതയ്ക്കു പുറമെ തമിഴ്നാടിന്റെ അഞ്ച് സമീപജില്ലകളിലെ ജനങ്ങള്‍ക്കുകൂടി അതിന്റെ പ്രയോജനം ലഭിക്കും. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള ചികിത്സ ലഭിക്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുന്നതിനുകൂടി ഇത് പ്രയോജനം ചെയ്യും. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തുതന്നെ കേരളത്തിന് എയിംസ് അനുവദിച്ചു കിട്ടുവാനുളള സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍ അന്ന് ഭരിച്ച യു.ഡി.എഫ് സര്‍ക്കാരും, തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാരും വേണ്ട നടപടികള്‍ യഥാസമയം സ്വീകരിക്കാത്തതിനാലാണ് ഇത്രയും കാലതാമസം ഉണ്ടായതെന്നും ബിജെപി പറഞ്ഞു.
അന്ന് സജീവ ചര്‍ച്ചയിലുണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി പ്രദേശമാണ്. എന്നാല്‍ കാലതാമസമുണ്ടാക്കി അതിനെ അട്ടിമറിക്കുവാന്‍ രണ്ട് മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. എയിംസിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന് തിരുവനന്തപുരം എം.പി ശശിതരൂരിന്റെ പിന്തുണയുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി ശശിതരൂരിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ചെറുവിരല്‍ പോലും ചലിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല തിരുവനന്തപുരത്തിന് അര്‍ഹതപ്പെട്ട എയിംസ് സംസ്ഥാന സര്‍ക്കാരിലെയും, സി.പി.എമ്മിലെയും മലബാര്ലോബി നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കുക്കുത്തിയായിരിക്കുകയാണ് തിരുവനന്തപുരം എം.പി. തിരുവനന്തപുരം വിമാനത്താവളം വികസിക്കുന്നതോടെയും, വിഴിഞ്ഞം തുറമുഖം യാഥാര്ത്ഥ്യമാകുന്നതോടെയും തിരുവനന്തപുരം വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിമാറും.
ലോകോത്തരനിലവാരത്തിലുള്ള ചികിത്സകൂടി കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തില്‍ തിരുവനന്തപുരത്ത് ലഭിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത് കേരളത്തിന് എല്ലാ മേഖലയിലും മുതല്‍ക്കൂട്ടാകും.തിരുവനന്തപുരത്തുനിന്നുള്ള മന്ത്രിമാരായിട്ടുള്ള വി.ശിവന്‍കുട്ടിയും, ആന്റണി രാജുവും, ജി.ആര്.അനിലും മന്ത്രിസഭയും തിരുവനന്തപുരത്തിനു വേണ്ടി വാദിക്കുന്നില്ലെന്നു മാത്രമല്ല തിരുവനന്തപുരത്തിന്റെ താല്പര്യങ്ങള് അട്ടിമറിക്കുവാന്‍ കൂട്ടുനില്‍ക്കുകകൂടിയാണ്. മുഖ്യമന്ത്രിയുടെയും, മന്ത്രിസഭയിലെ കരുത്തരായിട്ടുള്ള മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുളള മലബാറുകാരുടെയും താല്പര്യങ്ങള്ക്കുമുമ്പില് കീഴടങ്ങിയ തിരുവനന്തപുരത്തുനിന്നുള്ള മന്ത്രിമാര്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും, സി.പി.എം സെക്രട്ടറിയും, എല്‍.ഡി.എഫ് കണ്‍വീനറും കണ്ണൂര്‍ ജില്ലക്കാര്‍ ആയതോടെ കേരളമെന്നത് മലബാറിലേയ്ക്ക് ഒതുങ്ങുന്ന ചിന്താഗതി നാടിന് ഗുണകരമല്ല.ഭരണം നിയന്ത്രിക്കുവാനും, താമസിക്കുവാനും തിരുവനന്തപുരത്തെ ഉപയോഗിച്ച ശേഷം എയിംസിന്റെ കാര്യത്തിലും, ഹൈക്കോടതി ബഞ്ചിന്റെ കാര്യത്തിലും, തിരുവനന്തപുരം വിമാവത്താവള വികസനത്തിന്റെ കാര്യത്തിലും എല്‍.ഡി.എഫും, സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം തിരുവനന്തപുരത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
തിരുവനന്തപുരത്തെ സ്നേഹിക്കുന്നവര്‍ കാലങ്ങളായി ഭരണസംവിധാനത്തിന്റെ പ്രധാനസ്ഥാനങ്ങളില്‍ എത്തുന്നില്ലായെന്നുള്ളത് കേരളത്തിനുതന്നെ തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനമുന്നേറ്റം ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വരാന്‍പോകുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ബഹുജനകൂട്ടായ്മക്ക് രൂപംനല്‍കും. തുടര്‍ന്ന് തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വ്യക്തമാക്കുന്ന നടപടികളും സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: