തിരുവനന്തപുരം: വിഘടനവാദികള്‍ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രമുഖ എഴുത്തുകാരി ഷെഫാലി വൈദ്യ. വിഘടനവാദികള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളേയും സിനിമയേയും ഉപയോഗിക്കുന്നു. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു യൂത്തകോണ്‍ക്ലേവിന്റെ ആറാമത്തെ സെമിനാറില്‍ ‘ഓപ്പറേറ്റിവ്സ് ബിഹൈന്‍ഡ് ഇന്റേണല്‍ ത്രട്ട്സ് ഇന്‍ ഇന്ത്യ’ എന്നവിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയിലെ മാര്‍ക്സിയന്‍ ചരിത്രകാരന്മാര് വാസ്തവ വിരുദ്ധമായി പുസ്തകങ്ങള്‍ രചിച്ചു. മുഗളന്മാര് നമുക്ക് കല തന്നു, താജ്മഹല്‍ തന്നു, ബിരിയാണി തന്നു എന്നൊക്കെയാണ് അവര്‍ പുസ്തകങ്ങളില്‍ കുറിച്ചത്. എന്നാല്‍ മുഗളന്മാര് നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചും വംശഹത്യകളെക്കുറിച്ചും പറഞ്ഞില്ല. മഹാനായ പോരാളി എന്നാണ് ചരിത്രകാരന്മാര് വിഘടനവാദി ചരിത്രകാരന്മാര് ബാബറിനെ വാഴ്ത്തിയത്. ഹിന്ദു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ മാത്രമല്ല, ആത്മാഭിമാനത്തേയും മുഗളന്മാര് തകര്‍ത്തു. ഔറംഗസേബ്, കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത്, അതിന്റെ ബാക്കിവന്ന ചുമരിനോട് ചേര്‍ത്ത് പള്ളി പണിതു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ നന്ദി പ്രതിഷ്ഠ പുനരുദ്ധാരണത്തിന് മുന്‍പ് വരെ പള്ളിക്ക് അഭിമുഖമായാണ് ഇരുന്നത്. അതിനര്‍ത്ഥം യഥാര്‍ത്ഥത്തില്‍ പ്രതിഷ്ഠ ഉണ്ടായിരുന്നത് ഇപ്പോള്‍ പള്ളി ഇരിക്കുന്ന ഭാഗത്തായിരുന്നു എന്നാണ്. എന്നാല്‍ ചരിത്രകാരന്മാര് ഇതെല്ലാം മറച്ചുവെച്ച്, മുഗളന്മാരെ പ്രകീര്‍ത്തിച്ച് ചരിത്രം രചിച്ചു.
സിനിമകളും യഥാര്‍ത്ഥ ചരിത്രത്തെ മറച്ചുവെക്കുന്നു. കൊലയാളികളുടെ കൂട്ടത്തിലും നല്ലവര്‍ ഉണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് സിനിമകളിലൂടെ ശ്രമിച്ചത്. മറാത്തകളുടെ ചരിത്രം പറഞ്ഞ താനാജി എന്ന സിനിമയില്‍ പോലും ഇത് ആവര്‍ത്തിച്ചു എന്നതാണ് അതിശയകരം. മുഗളന്മാര് ആരാണെന്നും എന്താണ് ചെയ്തതെന്നും എല്ലാവര്ക്കും അറിയാം, എന്നാല്‍ അവര്‍ക്കെതിരായ പോരാട്ടത്തില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ പങ്കാളിത്തം ഉള്ളതായി വരുത്തി തീര്‍ക്കുകയുണ്ടായി. സിനിമ മേഖലയില്‍ പോലും ഇത്തരത്തില്‍ കൂട്ടിക്കലര്‍ത്തലുകള്‍ നിര്‍ബന്ധം എന്നതരത്തിലാക്കി. കശ്മീര്‍ ഫയല്‍സ് മാത്രമാണ് ഇതില്‍ നിന്നും വേറിട്ട് നിന്നത്. എന്നാല്‍ അതിന്റെ പേരില്‍ സംവിധായകന് വിവേക് അഗ്നിഹോത്രിയ്ക്ക് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നതായും ഷെഫാലി പറഞ്ഞു.
മാധ്യമങ്ങളും ഇത്തരം വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചു. രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടന്ന അക്രമങ്ങളെ അവര്‍ ന്യായീകരിച്ചു. മുസ്ലീം മേഖലകളില്‍ക്കൂടി ഘോഷയാത്ര നടത്തിയതിനെയാണ് അവര്‍ വിമര്‍ശിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കച്ചവട സ്ഥാപനങ്ങള്‍പോലും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് നടത്തുന്നത് എന്നകാര്യം അവര്‍ ബോധപൂര്‍വം മറന്നു. ജെഎന്‍യുവില്‍ രാഷ്ട്ര വിരുദ്ധ ശക്തികളെ വളരാന്‍ സാഹചര്യം ഒരുക്കുന്നതും മാധ്യമങ്ങള്‍ തന്നെയാണ്. ഇതിനായി അവര്‍ കന്നയ്യ കുമാറിനേയും ഉമര്‍ ഖാലിദിനേയും വരെ പിന്തുണച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് യാതോരുപങ്കും ഇല്ലായിരുന്നുവെന്ന് ‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രം’ എന്ന സെമിനാറില്‍ സംസാരിച്ചുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകല്ക്കുള്ളത്. പിടിയിലായപ്പോള്‍ ഡാങ്കെ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍, ഇനി തെറ്റാവര്‍ത്തിക്കില്ലായെന്ന് പറഞ്ഞ് മാപ്പെഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: