പാലക്കാട്: കൊവിഡ് മഹാമാരി കുറഞ്ഞതോടെ നിരത്തുകള്‍ സജീവമായി. അതോടെ അപകടങ്ങളും വര്‍ധിച്ചു. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന പോലീസ് പരിശോധന ഉണ്ടാകും. പിന്നീട് അത് പതിവുപോലെ നിലയ്ക്കും.
നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് സ്വകാര്യ ബസുകളുടെ അമിത വേഗതയും വാതിലടക്കാതെയുള്ള സര്‍വ്വീസുകളും. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധനക്കായി രംഗത്തിറങ്ങും. ആ സമയത്ത് ഇവരുടെ കണ്ണുവെട്ടിക്കുന്നതിനായി ബസുകളില്‍ വാതിലുകള്‍ സംഘടിപ്പിക്കും. പിന്നീട് അവ കെട്ടിയിട്ടായിരിക്കും യാത്ര. ഇത് പരിശോധിക്കാന്‍ പലപ്പോഴും പോലീസോ, മോട്ടോര്‍ വാഹനവകുപ്പോ ഉണ്ടായിരിക്കില്ല. അടുത്ത അപകടം വരുമ്പോഴായിരിക്കും വീണ്ടും ഇവരുടെ പരാക്രമം. ഇക്കഴിഞ്ഞ മാസം ജില്ലയില്‍ വളരെയെറേ അപകടങ്ങളാണ് ഉണ്ടായത്. ഇവയില്‍ നിരവധി പേര് മരിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസി ബസുകളിലും ദീര്‍ഘദൂര ബസുകളിലുമാത്രമാണ് വാതിലുകളടച്ച് സര്‍വ്വീസ് നടത്തുന്നത്. സിറ്റി സര്‍വ്വീസും ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകളിലും മുന്‍വശത്തെ വാതിലുകള്‍ മാത്രമാണ് അടക്കുന്നത്. ചില ബസുകളില്‍ മുന്‍വശത്തെ വാതിലുകള്‍ മാത്രമാണ് അടക്കുന്നതെങ്കില്‍ ചിലതില്‍ രണ്ട് വാതിലുകളും മലര്‍ക്കെ തുറന്നിട്ടാണ് സര്‍വ്വീസ്. ഗ്രാമീണ സര്‍വ്വീസ് ബസുകളാകട്ടെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പേ കെട്ടിവെച്ച വാതിലുകള്‍ അഴിച്ചുവിടുകയും സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട് നഗരം വിട്ടു കഴിഞ്ഞാല്‍ പഴയ പടിയിലാക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാടിനു സമീപം വാതിലടക്കാത്ത സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. അകത്തേത്തറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നേരത്തെ ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാര്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ബസുകളിലെ ഓട്ടോമാറ്റിക് ഡോറുകള്‍ പോലും കെട്ടിവെച്ച സ്ഥിതിയാണ്. വല്ലപ്പോഴും നടത്തുന്ന പരിശോധനകളില്‍ നടപടിയെടുക്കുമെന്നല്ലാതെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ എല്ലാം പഴയപടിയാവും.
ജില്ലയില്‍ ഓട്ടോറിക്ഷകളുടെ സ്ഥിതിയും മറിച്ചല്ല. മിക്ക വണ്ടികളിലും മീറ്റര്‍ പ്രവര്‍ത്തനരഹിതമാണ്. മിനിമം ചാര്‍ജ്ജ് നിലവില്‍ 25 രൂപയാണെങ്കിലും 30 ഉം അതില്‍ കൂടുതലും വാങ്ങിയാണ് സര്‍വ്വീസ് നടത്തുന്നത്. മിനിമം ചാര്‍ജ്ജ് 30 രൂപ വരുന്നതിനു മുമ്പു തന്നെ പലരും ഈടാക്കി തുടങ്ങി. ടൗണ്‍ പെര്‍മിറ്റ് വണ്ടികളില്‍ മീറ്റര്‍ നിര്‍ബന്ധമാണെന്നരിക്കെ പലതിനും ഇത് ബാധകമല്ല. നഗരത്തിലും പരിസരങ്ങളിലുമായി 4000 ത്തിലധികം ഓട്ടോ റിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നതെന്നിരിക്കെ ഇതില്‍ ടൗണ്‍ പെര്‍മിറ്റുള്ള വണ്ടികളുടെ കണക്ക് അവ്യക്തമാണ്. ടൗണ്‍ പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് പുറമെയാണ് സമീപ പഞ്ചായത്തുകളില്‍ നിന്നും വരുന്ന ഓട്ടോറിക്ഷകളും. ടൗണ്‍ പെര്‍മിറ്റുള്ള പഴയ വണ്ടികള്‍ കൊടുത്ത് പുതിയ വണ്ടി വാങ്ങിയാലും പഴയ വണ്ടിയിലെ പെര്‍മിറ്റ് എംബ്ലം വെച്ച ഓടുന്ന വണ്ടികളുമേറെയാണ്.
നഗരത്തില്‍ മിക്കയിടത്തും ഓട്ടോസ്റ്റാന്റുകള്‍ പോലും അംഗീകാരമില്ലാത്തവയാണെന്നിരിക്കെ ഇവയക്കെതിരെ നടപടിയെടുക്കാന്‍ ആരുമില്ല. പല ജില്ലകളിലും ഓട്ടോറിക്ഷകളിലെ മീറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാലക്കാടിന് അത് ബാധകമല്ല. അതിന് ഓട്ടോറിക്ഷകള്‍ക്ക് പറയാന്‍ ന്യായീകരണം ഏറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: