കരമന: നേമം നിയോജക മണ്ഡലത്തിലെ കാലടി ഗവ.ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.വി.രാജേഷ് ആവശ്യപ്പെട്ടു. കാലടി ഗവൺമെൻറ് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ മന്ത്രി തയ്യാറാകുന്നില്ലെങ്കിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അതിന് ബിജെപി ജില്ലാ കമ്മറ്റിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമം എംഎൽഎ യും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി കാലടി നെടുങ്കാട് വാർഡുകളെ അവഗണിക്കുന്നതിനെതിരെയും, 2022-2023 പദ്ധതിയിൽ ഒരു രൂപ പോലും ഈ വാർഡുകളിൽ അനുവദിക്കാത്തതിനെതിരെയും ബിജെപി കാലടി ഏര്യാ കമ്മറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. വി രാജേഷ്.
കാലടി നെടുങ്കാട് വാർഡുകളിൽ മാത്രമല്ല നേമം നിയോജക മണ്ഡലത്തിലെ ബിജെപി കൗൺസിലർമാർ വിജയിച്ച പതിനാല് വാർഡുകളിലും മന്ത്രി വി.ശിവൻകുട്ടി കാണിക്കുന്ന ചിറ്റമ്മനയം അവിടത്തെ ജനങ്ങളെ വെല്ലുവിളിക്കലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ദൽഹിയിലെത്തി പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് ഉന്നയിക്കുന്ന പൊതു ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്ര സർക്കാർ നടത്താതിരുന്നിട്ടുണ്ടോ എന്നും വി.വി.രാജേഷ് ചോദിച്ചു. ചടങ്ങിൽ സംസാരിച്ച കാലടി വാർഡ് കൗൺസിലർ വി.ശിവകുമാർ മന്ത്രി വി.ശിവൻകുട്ടി കാലടിയോട് കാട്ടുന്ന അവഗണനകൾ തുറന്നു കാട്ടി.
ഒ.രാജഗോപാൽ എം എൽ എ ആയിരുന്നപ്പോൾ അന്നത്തെ കൗൺസിലർ മഞ്ജു ജി.എസ്.മുൻകൈയെടുത്ത് മികവിന്റെ കേന്ദ്രമാക്കിയ കാലടി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ പ്ലസ് ടു അനുവദിക്കാൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ വി.ശിവൻകുട്ടി തയ്യാറാകണമെന്ന് വി.ശിവകുമാർ ആവശ്യപ്പെട്ടു. കാലടി വാർഡിലൂടൊഴുകുന്ന കരമനയാറിൽ വെള്ളപ്പൊക്കം തടയാൻ സംരക്ഷണഭിത്തി കെട്ടണമെന്നും അപകടാവസ്ഥയിലായ കാലടി സൗത്ത് പാലം പുനർനിർമ്മിക്കാതെ ആർക്കും പ്രയോജനമില്ലാത്ത പള്ളത്ത് കടവ് പാലം നിർമ്മാണത്തിൽ നിന്നും പിൻമാറണമെന്നും വി.ശിവകുമാർ ആവശ്യപ്പെട്ടു.
കാലടി ഏര്യ പ്രസിഡൻറ് അജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് തിരുമല അനിൽ മുഖ്യ പ്രഭാഷണം നടത്തി. ആറ്റുകാൽ മണ്ഡലം പ്രസിഡൻറ് കോളിയൂർ രാജേഷ്, ജനറൽ സെക്രട്ടറിമാരായ വി.ഗിരി, മുദ്ര ഉണ്ണി, കരമന വാർഡ് കൗൺസിലർ മഞ്ജു ജി.എസ്., കാലടി ഏര്യാ ജനറൽ സെക്രട്ടറി സജീവ് താമരം, വൈസ് പ്രസിഡൻറ് പള്ളിത്താനം രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: