ന്യൂദല്‍ഹി: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും ഭാഗമായുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം. ആഗോള ശ്രീനാരായണ കണ്വെന്ഷന്, ഭാരതയാത്ര, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ സമ്മേളനങ്ങള്‍, ഗുരുദേവസന്ദേശം പ്രചരിപ്പിക്കുന്ന വ്യക്തികളെ ആദരിക്കല്‍, മികച്ച ഗ്രന്ഥത്തിന് പുരസ്കാരം, ആലുവയില്‍ സര്‍വ്വമതസമ്മേളനം എന്നിവയാണ് പ്രധാനപരിപാടികളെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവര്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശിവഗിരിയിലാണ് ആഗോള ശ്രീനാരായണ കണ്വെന്ഷന് സംഘടിപ്പിക്കുക. ഭാരതയാത്രയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യും. അമേരിക്ക, ലണ്ടന്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഈ പരമ്പരയിലെ ആദ്യസമ്മേളനം ഈ മാസം 30ന് ലണ്ടനില്‍ നടക്കും. മെയ് ആറിന് ബഹ്റൈനിലും സമ്മേളനം നടക്കും.
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദമാക്കി രചിച്ച ഏറ്റവും മികച്ച ഗ്രന്ഥത്തിന് പുരസ്കാരം നല്‍കും. അഞ്ചു ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്കാരം. ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമഗ്രസംഭാവനകള്‍ നല്കിയ വ്യക്തികളെയും പുരസ്കാരങ്ങള്‍ നല്കി ആദരിക്കും.
1924ല്‍ ഗുരുദേവന് ആലുവയില്‍ നടത്തിയ സമ്മേളന ശതാബ്ദിയുടെ ഭാഗമായി സര്‍വ്വമതസമ്മേളനവും സംഘടിപ്പിക്കും. സര്‍വ്വമ തപാഠശാലയുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍വ്വകലാശാലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ബ്രഹ്മവിദ്യാലയത്തില്‍ ഇപ്പോള്‍ നടക്കുന്ന ഏഴുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സിന് പുറമെ ആറുമാസം, ഒരു വര്‍ഷം, രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന കോഴ്സുകളും സംഘടിപ്പിക്കുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബോര്‍ഡംഗം സ്വാമി ബോധിതീര്‍ത്ഥ, തീര്‍ത്ഥാടന നവതി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സുരേഷ് മധുസൂദനന്, പി.എസ്. ബാബുറാം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: