കൊച്ചി: വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് മൊഴിയെടുത്തത്.
കഴിഞ്ഞദിവസം നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍.
ഗൂഢാലോചന സംബന്ധിച്ച് സംവിധായകന് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെ അന്വേഷണം ഊര്‍ജിതമാണ്. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, എഫ്ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ദിലീപും സഹോദരന് അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: