ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ കൊക്രജാര്‍ കോടതി തള്ളി. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.
‘പ്രധാനമന്ത്രി മോദി മോദി (നാഥുറാം) ഗോഡ്സെയെ ആരാധിക്കുന്നു, അദ്ദേഹത്തിന് ഗോഡ്സെയാണ് ദൈവം’- എന്ന ട്വീറ്റാണ് ജിഗ്നേഷ് മേവാനിയ്ക്ക് വിനയായത്. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപം നടന്ന പ്രദേശത്ത് ഏപ്രില്‍ 20ന് സന്ദര്‍ശിക്കുമ്പോള്‍ ഐക്യത്തിനായി അഭ്യര്‍ത്ഥന നടത്തൂ എന്ന മേവാനിയുടെ ഉപദേശം പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ പര്യാപ്തമായ ഒന്നാണെന്ന് അസമില്‍ നിന്നുള്ള പരാതിക്കാരന് ആരോപിക്കുന്നു. കൊക്രജാര്‍ സ്വദേശി അരൂപ് കുമാര്‍ ഡേ ആണ് മേവാനിയ്ക്കെതിരെ ഏപ്രില്‍ 19ന് അസം പൊലീസില്‍ പരാതി നല്‍കിയത്.
ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ് ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പരാതിക്കാരന് പറയുന്നു.
പൊലീസ് 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസം കസ്റ്റഡിയില്‍ വെയ്ക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഗൂഢാലോചനക്കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഡാലോചന), 153എ (ഇരുസമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295(എ),504 (സമാധാനം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കാനായി മനപൂര്‍വ്വം അപമാനിക്കല്‍) എന്നീ വകുപ്പുകളും ഐടി നിയമത്തിലെ ചില വകുപ്പുകളും പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇക്കാലയളവില്‍ മേവാനിയെ കൊക്രജാറില്‍ നിന്നും പുറത്ത് കൊണ്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചു. മേവാനിയ്ക്ക് ജാമ്യം ലഭിക്കാന്‍ ഒരു സംഘം അഭിഭാഷകരെ കോണ്‍ഗ്രസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. വിവാദമായതോടെ മേവാനി ട്വീറ്റ് പിന്‍വലിച്ചു. അതേ സമയം അറസ്റ്റിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
പ്രധാനമന്ത്രി ഏപ്രില്‍ 20 മുതല്‍ ഗുജറാത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദഹോദില്‍ പ്രധാനമന്ത്രി ആദിവാസിഗോത്ര വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. അവിടെ 20000 കോടി ചെലവില്‍ റെയില്‍വേ വര്‍ക്ഷോപ്പ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. കുടിവെള്ളത്തിനുള്ള വന്‍ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഈ പൊതുയോഗത്തില്‍ മഹിസാഗര്‍, ചോട്ടാ ഉദെപൂര്‍, പഞ്ച് മഹല്‍, വഡോദര എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ ആദിവാസി ഗോത്രവിഭാഗം ബ്രിട്ടീഷുകാര്‍ക്കെതിരെ അമ്പും വില്ലുമെടുത്ത് പൊരുതിയ കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഗോത്രവിഭാഗത്തില്‍ നിന്നും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കാന്‍ അവര്‍ക്ക് ശാസ്ത്രം പഠിക്കാന്‍ അവസരമുണ്ടാക്കിയത് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ ഗാന്ധി നഗറില്‍ ആഗോള ആയുഷ് ഉ്ച്ചകോടിയിലും പ്രസംഗിച്ചു.
ഒന്നിലധികം വിവാദട്വീറ്റുകളാണ് ജിഗ്നേഷ് മേവാനി നടത്തിയത്. എന്നാല്‍ ഇപ്പോള്‍ മേവാനിയുടെ ട്വിറ്റര്‍ പേജില്‍ ഈ ട്വീറ്റുകള്‍ നിയമപരമായി ആവശ്യപ്പെട്ടതനുസരിച്ച് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് കാണാന്‍ ഇപ്പോള്‍ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: