ലൗ ജിഹാദ് വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ള തലശ്ശേരി അതിരൂപതയുടെ പ്രതികരണവും, കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗവും ജിഹാദി ശക്തികള്‍ക്കൊപ്പം നിന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യം വിലപ്പോവില്ലെന്ന് തെളിയിക്കുന്നു. കോഴിക്കോട് കോടഞ്ചേരിയില്‍ മുസ്ലിമായ സിപിഎം നേതാവിനൊപ്പം പോയ യുവതിയുടെ മാതാപിതാക്കള്‍ പ്രകടിപ്പിക്കുന്ന ആശങ്ക ഗൗരവമായി പരിഗണിക്കണമെന്നും, പ്രണയത്തിന്റെ പേരില്‍ ചില തീവ്രവാദ സംഘടനകള്‍ ചതിക്കുഴികള്‍ ഒരുക്കുന്നുണ്ടെന്നുമാണ് തലശ്ശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞത്. ലൗജിഹാദിന് നൂറുകണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ടെന്നു പറഞ്ഞ ബിഷപ്പ്, ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടതിനെ അവഗണിക്കാനാവില്ല. ലൗജിഹാദ് അയഥാര്‍ത്ഥമാണെന്ന ഇടതു-ജിഹാദി വാദം അംഗീകരിക്കാനാവില്ലെന്നും, ലൗജിഹാദ് എന്ന പദത്തിനു പിന്നിലുള്ള സാമൂഹ്യ പ്രശ്നം യാഥാര്‍ത്ഥ്യമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ സംഘടനകള്‍ സംഘടിതമായി ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ മതംമാറ്റുന്നതിന്റെ നിരവധി തെളിവുകള്‍ സഭയ്ക്ക് ലഭിക്കുന്നുണ്ട്. ഒട്ടേറെ മാതാപിതാക്കള്‍ പരാതി പറയുന്നുണ്ടെന്ന കാര്യവും ബിഷപ്പ് വെളിപ്പെടുത്തിയിരിക്കുന്നു. ലൗജിഹാദ് സംഘപരിവാര്‍ നിര്‍മിതിയാണെന്ന് സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും മറ്റും പ്രചരിപ്പിക്കുന്നതിന്റെ പൊള്ളത്തരമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. കോടഞ്ചേരി ലൗജിഹാദ് വിവാദത്തില്‍ സിപിഎം നേതാവിനൊപ്പം പോവാന്‍ ക്രൈസ്തവ യുവതിയെ കോടതി അനുവദിച്ച ദിവസം തന്നെയാണ് തലശ്ശേരി അതിരൂപത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് ക്രൈസ്തവ യുവതികളെ പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം മതംമാറ്റിയെന്ന കേസില്‍ ഈരാറ്റുപേട്ടക്കാരായ രണ്ടുപേരുടെ ജാമ്യഹര്‍ജി പരിഗണിക്കവെ, ഇത്തരം ആയിരക്കണക്കിന് സംഭവങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടെന്നും, അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലൗജിഹാദ് എന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ കോടതി ആവശ്യപ്പെട്ടതിനെക്കുറിച്ചല്ല അന്വേഷണം നടത്തിയതെന്ന് വിമര്‍ശനം ഉയരുകയുണ്ടായി. ഈ അന്വേഷണത്തിന്റെയും റിപ്പോര്‍ട്ടിന്റെയും പേരുപറഞ്ഞാണ് ലൗജിഹാദിന്റെ വക്താക്കള്‍ സ്വയം ന്യായീകരിച്ചുപോന്നത്. ലൗജിഹാദിനെക്കുറിച്ച് ചില എന്‍ഐഎ ഉദ്യോഗസ്ഥര്‍ ശരിയായ അന്വേഷണമല്ല നടത്തിയതെന്നും, പ്രതിസന്ധി നേരിടുന്ന മാതാപിതാക്കളെ സമീപിച്ചിരുന്നെങ്കില്‍ അവര്‍ കൃത്യമായ തെളിവുകള്‍ നല്‍കുമായിരുന്നുവെന്നും ബിഷപ്പ് പാംപ്ലാനി പറയുന്നതാണ് ശരി. ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമെതിരെ ജാഗ്രത പാലിക്കണമെന്ന് പാല അതിരൂപതാ ബിഷപ്പ് പറഞ്ഞത് ഇടതു-ജിഹാദി ശക്തികള്‍ വലിയ വിവാദമാക്കിയിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നു പറഞ്ഞ് ബിഷപ്പിനെതിരെ കേസെടുക്കുകയും ചെയ്തു. ഇസ്ലാമിക മതതീവ്രവാദികളില്‍നിന്ന് കടന്നാക്രമണം നേരിടുന്ന ക്രൈസ്തവ വിശ്വാസികളെ അതിനെതിരെ പ്രതികരിക്കുന്നതില്‍നിന്ന് പിന്മാറ്റുന്നതിനുവേണ്ടിയായിരുന്നു ഇത്. ബിഷപ്പിനെതിരെ കേസെടുത്തത് സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങളുടെ വിജയമായി ജിഹാദികള്‍ കൊണ്ടാടുകയും ചെയ്തു. എന്നാല്‍ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി മതതീവ്രവാദികള്‍ക്ക് കീഴടങ്ങുകയും, അവരുടെ കടന്നാക്രമണങ്ങള്ക്കിരയാവുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കില്ലെന്ന മുന്നറിയിപ്പാണ് തലശ്ശേരി അതിരൂപത നല്‍കുന്നത്.
കോടഞ്ചേരിയിലെ ലൗജിഹാദിനെക്കുറിച്ച് ശക്തമായി പ്രതികരിച്ച മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ തോമസ് എം. ജോര്‍ജിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുകയാണ്. പ്രണയക്കുരുക്കില്‍പ്പെടുത്തി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് ആദ്യം പറഞ്ഞ തോമസിനെ സിപിഎം നേതൃത്വം ഇടപെട്ട് മാറ്റിപ്പറയിക്കുകയായിരുന്നു. മതതീവ്രവാദികള്‍ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ കബളിപ്പിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് പാര്‍ട്ടി രേഖയില്‍ പറയുന്നുണ്ടെന്നും തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങനെയൊരു രേഖ ഉള്ളതായി വെളിപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് മൗനം പാലിച്ചുകൊണ്ടാണ് തോമസിനെതിരെ നടപടിക്കൊരുങ്ങുന്നത്. ലൗജിഹാദ് ഉണ്ടെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുമ്പോള്‍ അത് പാര്‍ട്ടിക്കകത്തു മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ എന്നാണ് ദീപിക മുഖപ്രസംഗം ചോദിക്കുന്നത്. ലൗജിഹാദെന്നു പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു പറയുന്നവരോട്, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇല്ലേ എന്ന് മുഖപ്രസംഗം ചോദിക്കുന്നു. ഇതില്‍ പെണ്‍കുട്ടികളെ നഷ്ടപ്പെട്ട് മനംനൊന്തു കഴിയുന്ന മാതാപിതാക്കളുടെ കാണാം. അഫ്ഗാനിലെ ഭീകരവാദ ക്യാമ്പുകളില്‍ കിടന്ന് പെണ്‍കുട്ടികള്‍ നരകിക്കുന്നതില്‍ കേരളത്തിലെ മാതാപിതാക്കളെ ഭയചകിതരാക്കുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ലൗജിഹാദ് കണ്മുന്നിലെ യാഥാര്‍ത്ഥ്യമാണ്. കണ്ണടച്ചിരുട്ടാക്കുന്നവര്‍ മതതീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുകയാണെന്ന് തിരിച്ചറിയുകയും വിളിച്ചുപറയുകയും ചെയ്യുന്നതില്‍ ധീരതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: