കോരുത്തോട്: ഞായറാഴ്ച ഉണ്ടായ ശക്തമായ മഴയില്‍ മലയോര മേഖലയില്‍ കനത്ത നാശം. മുണ്ടക്കയം-കോരുത്തോട് റൂട്ടില്‍ പാറമടയില്‍ ന്യൂ ഇന്ത്യബൈബിള്‍ ചര്‍ച്ചിന് സമീപത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. സംഭവ സമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. റോഡിന് താഴെ നിന്നുള്ള വലിയ കല്‍ക്കെട്ടിനു മുകളില്‍ ഒരു മാസം മുന്‍പ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിച്ചിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. സമീപത്തെ വീടുകളും അപകടഭീഷണിയിലാണ്.
മടുക്ക മുതല്‍ പനക്കച്ചിറ വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു ഭാഗം വലിയ താഴ്ചയാണ്. കോരുത്തോട് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് പല സ്ഥലങ്ങളിലും പുതിയ സംരക്ഷണ ഭിത്തികളും നിര്‍മിച്ചു.
പഴയ കരിങ്കല്‍ കെട്ടിനു മുകളില്‍ വലിയ കനത്തില്‍ കോണ്‍ക്രീറ്റ് സ്ഥാപിച്ചായിരുന്നു നിര്‍മാണം. കരിങ്കല്‍ കെട്ടിന് കോണ്‍ക്രീറ്റിന്റെ കനം താങ്ങാനാകാതെ വന്നതാണ് പള്ളിയുടെ സമീപത്ത് അപകടം ഉണ്ടാകാന്‍ കാരണം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അപ്രതീക്ഷിതമായുണ്ടായ ദുരിതങ്ങളുടെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: