അരനൂറ്റാണ്ട് പിന്നിട്ട ജവഹര്‍ ബാലഭവന്‍ പ്രവര്‍ത്തനമികവില്‍ കൂടി കലാലോകത്തെ എടുത്തുപറയേണ്ട നാമമാണ്. കോട്ടയം ജവഹര്‍ ബാലഭവനില്‍ റഗുലര്‍ ക്ലാസ്സുകള്‍, അവധിക്കാല ക്ലാസുകള്‍, ചിത്രകലാ ക്യാമ്പ് ശാസ്ത്രക്യാമ്പ്, വ്യക്തിത്വ വികസന ക്യാമ്പ്, അക്ഷരശ്ലോക പ്രവര്‍ത്തനം, ശിശുദിനാഘോഷ മത്സരങ്ങള്‍, ശിശുദിനറാലി, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, അവധിക്കാല ക്ലാസ് സമാപനം, ഏറെ പ്രാധാന്യമുള്ള വിദ്യാരംഭം, ബാലഭവന്‍ ആര്‍ട്‌സ് ട്രൂപ്പ്, ട്രാഫിക് ട്രെയിനിങ് പാര്‍ക്ക് തുടങ്ങി എത്രയെത്ര വ്യത്യസ്ത പരിപാടികള്‍ ആണ് ഇവിടെ നടന്നു കൊണ്ടിരുന്നത്..
അര നൂറ്റാണ്ട് എന്ന് പറയുന്നത് ചില്ലറ കാലയളവല്ല. ബാല മനസുകളിലെ കലയുടെ സര്‍ഗ്ഗ ചേതന ഉണര്‍ത്തി അരങ്ങിലെത്തിക്കുവാന്‍ പ്രാപ്തമാക്കുന്ന അതിവിദഗ്ധതയാര്‍ന്ന പ്രവര്‍ത്തനമാണ് ജവഹര്‍ ബാലഭവനില്‍ ഇന്നുവരെ നടത്തിക്കൊണ്ടിരിക്കു ന്നത്. വളരെ പ്രശസ്തരായ പല കലാകാരന്മാരും അവരുടെ മുന്‍പില്‍ കുട്ടികള്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ ജവഹര്‍ ബാലഭവനില്‍ പോയി ബാലപാഠങ്ങള്‍ പഠിച്ചു വരൂ എന്നു പറയാറുണ്ട്. കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് നയിക്കുവാനും വളര്‍ത്തുവാനും ജവഹര്‍ ബാലഭവന്‍ ഭാരതം മുഴുവന്‍ വഹിക്കുന്ന പങ്ക് വളരെ വലുതും പ്രശംസനീയവുമാണ്.
ഇപ്പോള്‍ കോട്ടയം പബ്ലിക് ലൈബ്രറി ഭാരവാഹികള്‍ക്ക് ഇതെന്തുപറ്റി. ഇങ്ങനെയുള്ള ഒരു സ്ഥാപനം അടച്ചു പൂട്ടി കെട്ടിടം തിരിച്ചുപിടിച്ചു എന്ത് ചെയ്യാനാണ്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതിനാല്‍ വളരെ നല്ല രീതിയില്‍ നടത്താമെന്നിരിക്കെ ജവഹര്‍ ബാലഭവന്‍ നടത്തുന്ന ക്ലാസുകള്‍ എല്ലാം ഞങ്ങള്‍ നടത്തും എന്ന് പറഞ്ഞ് അവധിക്കാലത്ത് ക്ലാസുകള്‍ തുടങ്ങിയതിന്റെ പശ്ചാത്തലവും ഗൂഡോദ്ദേശവും സംശയതിന്റെ നിഴലിലാണ്.
1971 ല്‍ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് ‘ രജിസ്‌ട്രേഷന്‍ ആക്ട് 12 ഓഫ് 1955 പ്രകാരം ‘ജവഹര്‍ ബാലഭവന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറി എന്ന പേരില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങിയത്. 1971 ജൂലൈ 1 ന് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ആണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ഈ രജിസ്ട്രര്‍ ചെയ്ത സൊസൈറ്റി നിലവിലുള്ളപ്പോള്‍ ഇതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കേണ്ടതല്ലേ. ഇതിനിടയില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജവഹര്‍ ബാലഭവനില്‍ നിന്ന് പബ്ലിക് ലൈബ്രറിയിലേക്ക് കൊണ്ടുപോയി. ഇത് കാണുന്നില്ലെന്ന് അന്വേഷണം വന്നപ്പോള്‍ തിരികെ ജവഹര്‍ ബാലഭവനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
ജവഹര്‍ ബാലഭവന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന ജവഹര്‍ ബാലഭവന്റെ ബോര്‍ഡ് എടുത്തുമാറ്റുകയും അതിനുതാഴെ കോട്ടയം പബ്ലിക് ലൈബ്രറി നടത്തുന്ന സ്ഥാപനം : 1882 എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ജവഹര്‍ ബാലഭവന്‍ ബോര്‍ഡിന്റെ തിരോധാനവും പുതിയ ബോര്‍ഡിന്റെ സ്ഥാപനവുമൊക്കെ വളരെ നാളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കാണേണ്ടിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടറോട് ബോര്‍ഡ് കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടി ലഭിച്ചത് എനിക്കറിയില്ലന്നും പിന്നീട് പോര്‍ട്ടിക്കോയുടെ മുകളില്‍ തള്ളി മറിച്ചിട്ട നിലയില്‍ കണ്ടെത്തുകയും ചെയ്യുകയുണ്ടായി.
ഇതെല്ലാം പബ്ലിക് ലൈബ്രറി ഈ കെട്ടിടം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളതാണ്.
1967 ഓഗസ്റ്റ് 15 ന് മലയാളത്തിന്റെ മഹാകവി ജ്ഞാനപീഠം ജി ശങ്കരക്കുറുപ്പ് ആണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. 1969 ജൂണ്‍ ആറിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൊഫ വി കെ ആര്‍ റാവു ആണ് ഉദ്ഘാടനം ചെയ്തത്. 1971 ജൂലൈ ഒന്നിനാണ് ജവഹര്‍ ബാലഭവന്‍ ആന്‍ഡ് കുട്ടികളുടെ ലൈബ്രറി രജിസ്റ്റര്‍ ചെയ്തത്. അങ്ങനെ വളരെ പാരമ്പര്യമുള്ള ഈ തറവാട്ടുമുറ്റത്ത് നിലനില്‍ക്കുന്ന ജവഹര്‍ ബാലഭവനെ പറിച്ചുമാറ്റുന്നത് അത്ര എളുപ്പമാണോ?
ഇത് ശരിയല്ല എന്ന് ബാലഭവന്‍ അധ്യാപകര്‍ പറഞ്ഞതാണ് ഇവിടുത്തെ പ്രശ്‌നം. ഇതിലൂടെ ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ ലോക മലയാളികളുടെ മുന്‍പില്‍ വ്യക്തതയോടെ പത്രമാധ്യമങ്ങളും വാര്‍ത്താ ചാനലുകളും സോഷ്യല്‍ മീഡിയയും വിവരിച്ചത് ഒരു സംസ്‌കാരിക സ്ഥാപനത്തിന്റെ നിലനില്‍പ്പിന് വളരെ സഹായകരമായി. ബാല മനസ്സുകളുടെ വികാസത്തിനും അവരുടെ വ്യക്തിജീവിതത്തിലെ മേന്‍മകളുടെയും കണക്കെടുത്താല്‍ ജവഹര്‍ ബാലഭവന്‍ നാളിതുവരെ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണന്ന് കാണാന്‍ കഴിയും. എന്നാല്‍ ലോക്ക്ഡൗണിന്റെ മറവില്‍ ക്ലാസുകളില്‍ കുട്ടികള്‍ ഇല്ല നഷ്ടത്തിലോടുന്ന ബാലഭവനെ ചുമക്കാന്‍ ഞങ്ങളെകൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് പ്രചരണം നടത്തി കൊണ്ടിരിക്കുന്നവര്‍ക്ക് അറിയാമല്ലോ ജവഹര്‍ ബാലഭവന്‍ സാംസ്‌കാരിക വകുപ്പിന്റെ ധന സഹായത്താലാണ് പ്രവര്‍ത്തിക്കുന്നതെന്ന്. ഇത്രമാത്രം നുണപ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കലും പൊതുജനത്തിനെയും സര്‍ക്കാരിനെയും ധരിപ്പിച്ചിട്ടുണ്ടങ്കില്‍ മറുപടി നല്‍കേണ്ടിവരും.
കലാകാരന്മാര്‍ ആയതിനാല്‍ ഇവിടുത്തെ അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രതികരിക്കില്ല എന്നാണ് വിശ്വസിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിച്ചതിന് രണ്ടു പേരെ പിരിച്ചുവിട്ടു പ്രതികാരം തീര്‍ത്തു. മറ്റുള്ള അധ്യാപകര്‍ എല്ലാം ഒന്നടങ്കം പ്രതിഷേധിച്ചു കൊണ്ട് പുറത്തു നില്‍ക്കുന്നു.
പി ജി ഗോപാലകൃഷ്ണന്‍
അധ്യാപകന്‍,
ജവഹര്‍ ബാലഭവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: