കോട്ടയം: മലയാളികള്‍ക്ക് ഉത്സവങ്ങളെല്ലാം കൃഷിയും വിളവെടുപ്പുമായി അഭേദ്യമായ ബന്ധമുള്ളതാണ്. കര്‍ക്കടകത്തിലെ ദുര്‍ഘടം കഴിഞ്ഞുവരുന്ന ഓണമായാലും മേടസംക്രാന്തിയിലെ വിഷുവായാലും കാര്‍ഷിക പ്രവര്‍ത്തനവും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്.
രാവും പകലും തുല്യമായിവരുന്ന മേടത്തിലെ വര്‍ഷപ്പിറവി പുരാതന ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ഉത്സവച്ഛായയില്‍ ആഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആഘോഷങ്ങളില്‍ പഴമകൊണ്ടും പെരുമകൊണ്ടും മുമ്പനാണ് വിഷു.
വിഷു കഴിഞ്ഞാല്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ വീണ്ടും ഉണരുകയാണ് ഇഞ്ചി മങ്ങള്‍ മുതലായ കൃഷികള്‍ പ്രധാനമായും വിഷു കഴിഞ്ഞാണ് കൃഷി ചെയ്യുന്നത്. വിഷുവിന് കൃഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആചാരങ്ങളും നിലനിന്നിരുന്നു. അതില്‍ പ്രധാനമാണ് കൃഷിയായുധപൂജ. കൃഷിക്ക് ഉപയോഗിക്കുന്ന കൈക്കോട്ട്, അരിവാള്‍, കലപ്പയുടെ കരി എന്നിവ കഴുകി വൃത്തിയാക്കി. വിഷുദിനത്തില്‍ ഉച്ചകഴിഞ്ഞാല്‍ ആയുധങ്ങളില്‍ ചന്ദനം, സിന്ദൂരം എന്നിവ തൊടുവിച്ച്‌കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച് വീടിന്റെ പടിഞ്ഞാറു ഭാഗത്ത് വെച്ച് പൂജിച്ചതിന് ശേഷം പ്രസ്തുത കൃഷിയായുധങ്ങള്‍കൊണ്ട് പാടത്ത് ചാലെടുത്ത് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ നടുന്നതാണ് പ്രധാന ആചാരം. ഇതിന് കൈക്കോട്ടുചാലിടുകയെന്നാണ് പറയുന്നത്. പ്രാദേശികമായി ആചാരങ്ങളിലും പേരുകളിലും വ്യത്യാസം കണ്ടുവരുന്നുണ്ട്.
ചിലസ്ഥലങ്ങളില്‍ വിഷുദിനത്തില്‍ കന്നുകാലികളെ കുളിപ്പിച്ച് കുറിതൊടുവിച്ച് അവയ്‌ക്ക് നിറയെ ഭക്ഷണം നല്‍കി, അവയെ ഉപയോഗിച്ച് നിലം ഉഴുത് പുതിയ കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതുവര്‍ഷത്തില്‍ കൃഷിക്ക് തുടക്കമിടുന്നു. അങ്ങനെ ഉഴുത ചാലില്‍ അവല്‍, മലര്‍, അടകള്‍ എന്നിവ നേര്‍ച്ചവെക്കുന്ന പതിവുണ്ട്. ഇതിനെ ചാലിടീല്‍ എന്നാണ് ചിലയിടങ്ങളില്‍ പറഞ്ഞു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: