കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. പലതവണ ഇന്ത്യ സഹായിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഫണ്ട് ലഭിക്കുന്നത് വരെ സഹായിക്കാമോ എന്നാണ് ഇന്ത്യയോട് ചോദിച്ചിരിക്കുന്നത്. ഐഎംഎഫിന്റെ ഫണ്ട് ലഭിക്കാന്‍ ഇനിയും നാല് മാസത്തോളമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്കന്‍ ധനമന്ത്രിയും ഹൈക്കമ്മീഷണറും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയ വേളയിലാണ് ഈ അഭ്യര്‍ഥന നടത്തിയത് എന്നാണ് വിവരം. ജപ്പാന് പോലുള്ള സൗഹൃദ രാജ്യങ്ങളോട് ഞങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നും ശ്രീലങ്കന്‍ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
അതിനിടെ, കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി ശ്രീലങ്കന്‍ ധനകാര്യമന്ത്രി അലി സബ്രി അടുത്തയാഴ്ച വാഷിങ്ടണില്‍ ചര്‍ച്ച നടത്തിയേക്കും. ഇതിനോടകം തന്നെ ശ്രീലങ്കയ്ക്ക് ഇന്ത്യ 2.4 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഐഎംഎഫിന്റെ സാമ്പത്തിക സഹായം മൂന്നോ നാലോ മാസത്തിനകം ലഭിക്കുന്നതുവരെ ശ്രീലങ്കയ്ക്ക് പിടിച്ചുനില്ക്കാന് കൂടുതല്‍ തുക വേണ്ടിവരും. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. ഐഎംഎഫ് അധികൃതരുമായി ശ്രീലങ്ക തിങ്കളാഴ്ച ചര്‍ച്ച തുടങ്ങും. എന്നാല്‍ സാമ്പത്തിക സഹായം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മുതല്‍ നാല് മാസംവരെ വേണ്ടിവരുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: