പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്ലോസീവ് ആക്ട് 1884 സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥലങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കുകയോ, അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യുവാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. അവശ്യസേവനങ്ങള്‍ക്കും മറ്റും ഉത്തരവ് ബാധകമല്ല.
അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാദ്ധ്യമങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. മതസ്പര്‍ധ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: