തിരുവനന്തപുരം: പരിസ്ഥിതി പ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് ഒരു വിലയും നല്കാത്തകാലമാണ് നമ്മുടേതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജലനിധി മുന്‍ ഡയറക്ടറുമായ ഡോ. വി സുഭാഷ് ചന്ദ്രബോസ്.
പരിസ്ഥിതി സംരക്ഷണിക്കണമെന്ന ചിന്ത ഗൗരവമായി എടുത്തത് റേച്ചല്‍ കര്സണ് ‘സൈലന്റ് ഓഫ് സ്പ്രിങ്ങ്’ എന്ന പുസ്തകം എഴുതിയതോടെയാണ്. അമേരിക്കയിലും മറ്റും ആഴത്തിലുള്ള ചര്‍ച്ചയും പഠനങ്ങളുമാണ് തുടര്‍ന്നുണ്ടായത്. ആഗോള പരിസ്ഥിതി ഉച്ചകോടിയിലേക്ക് നയിച്ചതും അത്തരം ചര്‍ച്ചകളാണ്. അനില്‍ അഗര്‍വാള്‍ പരിസ്ഥിതിയെക്കുറിച്ച് എഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാര്‍ലമെന്റ് അംഗങ്ങളോട് സംവദിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയായിരിന്നു.
എന്നാല്‍ ഇന്ന് പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കുകയാണ്.. പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത സംവിധാനങ്ങള്‍ നിലനില്ക്കുമ്പോള് പരിസ്ഥിതി സംരക്ഷണം ബുദ്ധിമുട്ടാണ്. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടക്കുന്ന പരിസ്ഥിതി യൂത്ത് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നു പങ്കെടുക്കുന്ന അഡ്വ അഞ്ജു കൃഷ്ണയ്ക്ക് യാത്രയയപ്പ് നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര് സജ്ഞയന്‍ വൃക്ഷതൈകളും വിത്തുകളും വിതരണം ചെയ്തു. പരിസ്ഥിതി ബോധം തീരെയില്ലാത്ത സമൂഹമായ മലയാളികള്‍ മാറിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പരിസ്ഥിതി വന്‍ ഭീഷണി നേരിടുമ്പോള്‍ പാമ്പുകടിച്ചവന്റെ തലയില്‍ ഇടിവെട്ടി എന്നതുപോലെയാണ് കെ റെയില്‍ എന്ന് സജ്ഞയന്‍ പറഞ്ഞു. രാജ്യത്തെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനുമുള്ള സമഗ്രമായ സംരംഭമായ യൂത്ത് പാര്ലവമെന്റി ന്റെ ഭാഗമാകുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, സേതുനാഥ് മലയാലപ്പുഴ, അജികുമാര്നെടുമങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. പര്യാവരണ്‍ സംരക്ഷണ് വിഭാഗ് ഭാരവാഹികളായ പി. രാജശേഖരന്, എ പദ്മകുമാര്‍, രാജേഷ് സുദര്ശനന്, ഡോ ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു
ഏപ്രില്‍ 16 ന് നടക്കുന്ന പരിസ്ഥിതി യൂത്ത് പാര്‍ലമെന്റില്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള 140 വിദ്യാര്‍ത്ഥി പ്രതിനിധികളാണ് പങ്കെടുക്കുക
പാര്‍ലമെന്റ് മന്ദിരത്തിനകത്തു തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവര്‍ യുവാക്കളുമായി സംവദിക്കും.
വിദ്യാര്‍ത്ഥികള്‍ക്കു പുറമേ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള പരിസ്ഥിതി വിഭാഗം തലവന്മാരും പര്യാവരണ്‍ സംരക്ഷണ് വിഭാഗിന്റെ സംയോജകന്മാരും പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: