ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ പങ്കെടുപ്പിക്കാതെ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ നടപടി വിവാദമാകുന്നു. ന്യൂദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, പവര്‍ സെക്രട്ടറി ദലിപ് കുമാര്‍, പിഎസ്പിസിഎല്‍ ചെയര്മാന് ബല്‍ദേവ് സിങ് സരണ്‍, രാജ്യസഭ എംപി രാഘവ് ഛദ്ദ, ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് എന്നിവരാണ് പങ്കെടുത്തത്.
എഎപി നേതാവ് കെജ്രിവാള് സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുന്ന നടപടി ശരിയല്ലെന്നും സംസ്ഥാനത്ത് റിമോര്‍ട്ട് കണ്ട്രോള് ഭരണം നടത്താനാണ് ശ്രമമെന്നും ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.കെജ്രിവാള്, ഭഗവന്ത് മാനെ റബ്ബര്‍ സ്റ്റാമ്പ് മുഖ്യമന്ത്രിയാക്കി മാറ്റുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കെജ്രിവാള് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് കടുത്ത ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. പഞ്ചാബില്‍ കെജ്രിവാള് പരമാധികാരിയും മാന്‍ ഒരു റബ്ബര്‍ സ്റ്റാമ്പും ആകുമെന്ന വസ്തുത ഇതോടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
ഭയപ്പെട്ടത് സംഭവിച്ചെന്നും സംഭവിച്ചത് മോശമായ കാര്യമാണെന്നും മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. പ്രതീക്ഷിച്ചതിന് മുമ്പ് കെജ്രിവാള് പഞ്ചാബ് ഏറ്റെടുത്തു. ഭഗവന്ത് മാന്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് ആണെന്നത് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു, ഇപ്പോള്‍ ദല്‍ഹിയില്‍ പഞ്ചാബ് ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് കെജ്രിവാള് അത് ശരിയാണെന്ന് തെളിയിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: