കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂരിനെ ഞെട്ടിച്ച ഉടുമ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വനത്തില്‍ അതിക്രമിച്ച് കയറി ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാംനോളി സ്വദേശിയായ യുവാവ് ആണ് ഇപ്പോള്‍ അറസ്റ്റിലായത്.
തോക്കുമായി യുവാക്കള്‍ വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. ഉടുമ്പിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഹവിറ്റ് ഗ്രാമത്തില്‍ നിന്ന് ഒരാളെയും, രത്നഗിരി സ്വദേശികളായ രണ്ട് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് 31 ന് ഹവിറ്റ് ഗ്രാമത്തിലെ യുവാവ് തന്റെ സുഹൃത്തുക്കളെ വിളിച്ച് കാട്ടിലേക്ക് പോകാമെന്ന് പറയുകയായിരുന്നു. ഇപ്പോള്‍, അറസ്റ്റിലായ യുവാവൊഴിച്ച് മറ്റ് മൂന്നുപേരുടെ കൈയ്യിലും നാടന്‍ തോക്കുകള്‍ ഉണ്ടായിരുന്നു.
തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പ്രതികള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടത്. ബംഗാള്‍ മോണിറ്റര്‍ ലിസാര്‍ഡ് എന്നറിയപ്പെടുന്ന വളരെ വ്യത്യസ്ത വിഭാഗത്തില്‍ പെടുന്ന ഉടുമ്പിനെ ആണ് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണം നിയമമനുസരിച്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേസ് വളരെ ഗൗരവമേറിയതാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിശാല്‍ മാലി പറഞ്ഞു. യുവാക്കളുടെ ഫോണില്‍ നിരവധി മൃഗങ്ങളുടെ ഫോട്ടോകള്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: