കൊല്‍ക്കൊത്ത: മമതയുടെ ഗുണ്ടകള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അംഗരക്ഷകരെ മുളവടിയും ആയുധങ്ങളുമേന്തി അടിച്ചോടിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി അഗ്നിമിത്ര പോള്‍. മമത എന്തൊക്കെ പ്രകോപനം സൃഷ്ടിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി അഗ്നിമന്ത്രി പോള്‍ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിക്കുള്ള അകമ്പടി വാഹനത്തെ ചൊവ്വാഴ്ചയാണ് തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും അകമ്പടി വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതായി അഗ്നിമിത്ര പോള്‍ പറഞ്ഞു. ഈ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നെന്നും അഗ്നിമിത്ര പോള്‍ പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ച് ബിജെപി പോളിംഗ് ഏജന്റിനെ പോളിംഗ് കേന്ദ്രത്തില്‍ കടക്കാന്‍ അനുവദിക്കാതെ തടഞ്ഞതിനെയും അഗ്നിമിത്ര വിമര്‍ശിച്ചു. ‘തൃണമൂലിന്റെ ഏജന്റ് വാതിലില്‍ വഴിതടഞ്ഞ് നില്‍ക്കുകയാണ്. ബിജെപിയുടെ പോളിംഗ് ഏജന്റ് കടക്കാതെ നോക്കുകയായിരുന്നു ഇവര്‍. ഇവിടെ ഞാന്‍ എത്തിയതിന് ശേഷമാണ് ബിജെപി ഏജന്റിനെ കടത്തിവിട്ടത്. എവിടെ പരാതിയുണ്ടെങ്കിലും അവിടെ ഞാന്‍ പോകും’- അഗ്നിമിത്ര പോള്‍ പറഞ്ഞു.
നാദിയയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മമത ബാനര്‍ജിയുടെ ലാഘവത്തോടെയുള്ള പ്രതികരണത്തെയും അഗ്നിമിത്ര വിമര്‍ശിച്ചു. ‘ഒരു മുഖ്യമന്ത്രിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും മമത ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ ഞാന്‍ ലജ്ജിക്കുന്നു’- അഗ്നിമിത്ര മമതയുടെ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. 14 വയസ്സായ പെണ്‍കുട്ടിയുടെ ക്രൂരമായ ബലാത്സംഗവും കൊലയും കണ്ട് മമത പറഞ്ഞത് ‘എല്ലാവര്ക്കും ഈ പെണ്‍കുട്ടിയുടെ പ്രേമത്തെക്കുറിച്ച് അറിയാമെന്നും അത് ഒരു ബലാത്സംഗമാണോ അതോ ഒരു ഗര്‍ഭം അലസിപ്പോയതോ എന്ന കാര്യത്തില്‍ ഇപ്പോഴും അറിയില്ല’- ഇതായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.
ഒരു തൃണമൂല്‍ നേതാവിന്റെ മകന് ഈ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് മമത അഭിപ്രായം മാറ്റിയതെന്ന് ആരോപിക്കപ്പെടുന്നു. ‘ഈ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടതാണോ അതോ ഗര്‍ഭിണിയായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിന് തെളിവുണ്ടോ? ആരെങ്കിലും കുട്ടിയെ അടിച്ചതോ, അതോ ആ പെണ്‍കുട്ടി രോഗം കൊണ്ടു മരിച്ചതോ ആകാം. ഈ പെണ്‍കുട്ടിക്ക് ഒരു പ്രേമബന്ധമുണ്ടെന്നത് ഉറപ്പാണ്. അയല്‍ക്കാര്‍ക്കും ഇക്കാര്യം അറിയാം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രേമിച്ചാല്‍ എനിക്ക് അവരെ ശിക്ഷിക്കാനാവില്ല. ഇത് ഉത്തര്‍പ്രദേശല്ല. ലവ് ജിഹാദിന്റെ പേരില്‍ എനിക്കത് ചെയ്യാനാവില്ല’- ഇതായിരുന്നു മമതയുടെ പ്രതികരണം. ഇവിടെയും ന്യൂനപക്ഷത്തെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു മമത നടത്തിയത്.
അസന്‍സോളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. തൃണമൂലിന് വേണ്ടി ശത്രുഘ്നന്‍ സിന്‍ഹയാണ് മത്സരിക്കുന്നത്. കടുത്ത സുരക്ഷസന്നാഹത്തോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ല്‍ 680 ബൂത്തുകള്‍ അക്രമസാധ്യതയുള്ളവയായി കണക്കാക്കുന്നു. 15 ലക്ഷം പേരാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിക്കുക.
ബിജെപിയെ സംബന്ധിച്ചിടത്തോളം അസന്സോളിലേത് അഭിമാനപ്പോരാട്ടമാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് അസന്‍സോള്‍ ലോക്സഭാമണ്ഡലം. ഇവിടെ കേന്ദ്രമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ ജയിച്ച മണ്ഡലമാണ്. പിന്നീട് ബിജെപിയില്‍ നിന്നും രാജിവെച്ച് ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അസന്‍സോള്‍ സൗത്തില്‍ ഇപ്പോള്‍ എംഎല്‍എ കൂടിയാണ് അഗ്നിമിത്ര പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: