തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് വൈകുന്നേരം മുതല്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ സര്‍വ്വീസിന് ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. 5.30 മണി മുതല്‍ ബെംഗളൂരിലേക്കുള്ള എസി വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വീസുകളും 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വീസുകളുമാണ് ആദ്യ ദിനം നടത്തുക.
നിലവില്‍ തിരുവനന്തപുരം-ബെംഗളൂരു, എറണാകുളം-ബെംഗളൂരു ഗജരാജ എസി സ്ലീപ്പര്‍ നാലു സര്‍വീസുകളുടേയും, കോഴിക്കോട്-ബെംഗളൂരു രണ്ട് സര്‍വീസുകളുടേയും, പത്തനംതിട്ട-ബെംഗളൂരു ഒരു സര്‍വീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂര്‍, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സര്‍വീസുകളുടേയും ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും എന്റെ കെഎസ്ആര്‍ടിസി എന്ന ആപ്പ് വഴിയും ലഭ്യമാണ്.
കെഎസ്ആര്‍ടിസി സിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറത്തോട് കൂടിയ ഷര്‍ട്ടും കറുത്ത നിറത്തിലുള്ള പാന്റും യൂണിഫോമാണ് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് നല്‍കുക. ഇതില്‍ ബസ് ഡ്രൈവ് ചെയ്യുന്നവര്‍ പി ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോര്‍ഡിനൊപ്പം കെഎസ്ആര്‍ടിസി സിഫ്റ്റിന്റെ ചിഹ്നവും യൂണിഫോം സ്പോണ്സര് ചെയ്ത കമ്പനിയുടെ ലോഗോയും യൂണിഫോമില്‍ പതിപ്പിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നല്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാണ് സര്‍വീസുകള്‍ നിയന്ത്രിക്കുന്നത്. ലഗേജ് വയ്ക്കുന്നതിന് കൂടുതല്‍ ഇടവും ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നല്‍കാനായി ക്രൂവിന്റെ സഹായവും ലഭിക്കുകയും ചെയ്യും.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വഹിക്കും, മന്ത്രി വി. ശിവന്‍കുട്ടി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും മന്ത്രി ജി.ആര്. അനില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വഹിക്കും. ഡോ. ശശി തരൂര്‍ എംപിയും മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സര്‍വീസുകളില്‍ ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി സിഫ്റ്റ് നല്കുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ (പൂഞ്ഞാര്‍), അരുണ്‍ എം. (ബെംഗളൂരു), അനൂബ് ജോര്‍ജ് (പത്തനംതിട്ട, പുല്ലാട്) അരുണ്‍ എം. (തിരുവനന്തപുരം, പൂജപ്പുര) എന്നിവര്‍ക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പണ്‍ സമ്മാനിക്കും. നാളെ വൈകുന്നേരം 5.30ന് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ബെംഗളൂരുവില്‍ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: