തിരുവനന്തപുരം : ഗുരുശിഷ്യപാരസ്പര്യമാണ് ശാന്തിഗിരിയുടെ അടിത്തറയെന്നും ലോകത്തിന് എക്കാലത്തും ആത്മീയ വെളിച്ചം പകരുന്നതാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ വാക്കുകളെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു കയായിരുന്നു സ്വാമി. ലോകത്തെ നന്മയിലേയ്ക്ക് നയിക്കുവാന്‍ വന്ന അനേകം ഗുരുക്കന്മാരെ അവരുടെ ആത്മീയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നതിന് മുന്‍പ് അവതാളപ്പെടുത്തുന്ന അനുയായികളുടെ ആത്മീയ ചരിത്രമാണ് നമ്മുടെ മുന്പിലുള്ളത്. ഈ കര്‍മ്മഗതിയെ തിരുത്താനുള്ള ആര്‍ജ്ജവമാണ് ഓരോ ശിഷ്യര്‍ക്കും ഉണ്ടാകേണ്ടതെന്നും സ്വാമി അഭിപ്രായപ്പെട്ടു.
സ്വാമി ജനനന്മ , സ്വാമി ഗുരുസവിധ്, സ്വാമി ആനന്ദജ്യോതി, സ്വാമി ജനസമ്മതന്‍, ഡോ. റ്റി. എസ്. സോമനാഥന്, ഷോഫി.കെ, ഡോ.ജി.ആര്. കിരണ്‍ , സബീര്‍ തിരുമല, ഡോ. കെ. എന്‍. ശ്രീകുമാരി, മനോജ്കുമാര്‍.സി.പി, എസ്. സേതുനാഥ്, മുരുകന്.വി എന്നിവര്‍ പ്രസംഗിച്ചു. എസ്. കുമാര്‍ സ്വാഗതവും ശശിന്ദ്രദേവ് കൃതജ്ഞതയും രേഖപ്പെടുത്തി.
കേരള സാംസ്ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്മാനായിസ്ഥാനമേറ്റെടുത്ത നടനും സംവിധായകനുമായ മധുപാലിനെയും ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും വേദിയില്‍ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ശാന്തിഗിരി കോവിഡ് വിജിലന്‍സ് ടീമിനെയും സംസ്ഥാനതല കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിയെയും അനുമോദിച്ചു. സത്സംഗത്തില്‍ തിരുവനന്തപുരം സിറ്റി, നെയ്യാറ്റിന്‍കര ഏരിയകളില്‍ നിന്നായി നൂറുകണക്കിന് ഗുരുഭക്തര്‍ കുടുംബസമേതം സംബന്ധിച്ചു.
മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില് ലയിച്ചതിന്റെ ( ദേഹവിയോഗം) വാര്‍ഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനം ആചരിക്കുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: