കേരളത്തിലെ എന്നല്ല, ഭാരതത്തിലെ തന്നെ പൊതുജീവിതത്തില്‍ അന്യാദൃശമായ വ്യക്തിത്വം കാഴ്ചവച്ച കെ. കേളപ്പന് എന്ന ചരിത്രപുരുഷന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് അരനൂറ്റാണ്ടിലേറെക്കാലത്തെ കേരളീയജീവിതത്തെ അടയാളപ്പെടുത്തുന്ന ‘സത്യാന്വേഷിയും സാക്ഷിയും’ എന്ന നോവല്‍ കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ഉദ്ഘാടനവേദിയില്‍ പ്രകാശിതമാകുന്നു. ഒരു കാലഘട്ടം കേരളഗാന്ധി എന്ന് വിളിച്ചിട്ടു പോലും കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പുത്തന്‍കൂറ്റുകാര്‍ തമസ്കരിച്ച കെ. കേളപ്പന്റെ ജീവിതദര്‍ശനം നമ്മുടെ വര്‍ത്തമാന പ്രതിസന്ധികളെ നേരിടാനുള്ള പിന്‍ബലം തരുന്നു എന്ന് സമര്‍ത്ഥിക്കുന്നതാണ് യുവ എഴുത്തുകാരനായ പ്രശാന്ത്ബാബു കൈതപ്രം രചിച്ച ഈ നോവല്‍.
ഇത് അഹിംസയുടെ പുസ്തകമാണ് എന്നാണ് നോവലിനെ കുറിച്ച് നോവലിസ്റ്റ് പറയുന്നത്. രാജ്യങ്ങള്‍ തമ്മില്‍, പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍, മതങ്ങള്‍ തമ്മില്‍ ഒക്കെ യുദ്ധത്തിലേര്‍പ്പെടുന്ന നമ്മുടെ സാമൂഹ്യപരിസരത്ത് കേളപ്പന്റെ ജീവിതവും ഗാന്ധിജിയുടെ അഹിംസാവാദവും എത്രകണ്ട് പ്രസക്തമാണെന്നതിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്. സത്യാന്വേഷിയായ കേളപ്പനെയും ആ അന്വേഷണയാത്രയ്ക്ക് സാക്ഷിയാകുന്ന വേലായുധന് എന്ന വ്യക്തിയെയുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെയും പിന്നീട് സര്‍വ്വോദയ-ഭൂദാനപ്രസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച, അധികാര രാഷ്ട്രീയത്തിന്റെ നാലയലത്തുപോലും ചെല്ലാത്ത കേളപ്പന്റെ ജീവിതം ഒരു സത്യാന്വേഷണമായിരുന്നു. ആ അന്വേഷണം ഒടുവില്‍ ചെന്നെത്തുന്നത് ക്ഷേത്രോദ്ധാരണത്തിലും ആദ്ധ്യാത്മികതയിലുമാണ്. ഈ അന്വേഷണ യാത്രയാണ് പ്രശാന്ത്ബാബു വരച്ചിടുന്നത്.
കമ്യൂണിസത്തിന്റെ നിരര്‍ത്ഥകതയും റഷ്യന്‍ വിപ്ലവത്തില്‍ നടന്ന തൊഴിലാളിഹത്യകളുമൊക്കെ കഥയുടെ ഭാഗമായി കടന്നുവരുന്നുണ്ട്. കേരളത്തിന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും ചരിത്രപാഠങ്ങളെ സര്‍ഗാത്മകമായി സംസ്കരിച്ച് ഒരു ചിമിഴിലൊതുക്കി വായനക്കാരന് നല്‍കുകയാണ് നോവലിസ്റ്റ്. കേരള ഗാന്ധിയെ ശാരീരികമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയും അതിന് കഴിയാതെ വന്നപ്പോള്‍ ചരിത്രത്തിന്റെ ഇരുട്ടറയിലേക്ക് തള്ളുകയും ചെയ്തവരില്‍ നിന്ന് ആ മഹിത വ്യക്തിത്വത്തെ വീണ്ടെടുക്കുക എന്ന ശ്രേഷ്ഠ കര്‍മമാണ് പ്രശാന്ത്ബാബു ഈ നോവല്‍ രചനയിലൂടെ ചെയ്തിരിക്കുന്നത്.
തപസ്യ കലാസാഹിത്യ വേദിയുടെ കണ്ണൂര്‍ ജില്ല അധ്യക്ഷനായ പ്രശാന്ത്ബാബുവിന്റെ രണ്ടാമത്തെ നോവലാണിത്. ആദ്യ നോവലായ ‘ദേരപ്പന്‍’ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കോഴിക്കോട്ട് നടക്കുന്ന സ്മൃതിയാത്ര ഉദ്ഘാടനച്ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനാണ് കുരുക്ഷേത്ര പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: