തിരുവല്ല: പള്ളിത്തര്‍ക്ക വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പക്ഷംപിടിച്ച ഇടതു സഹയാത്രികനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. സുപ്രീം കോടതിയുടെ വിധിയെ പരിഹാസത്തോടെ പരാമര്‍ശിക്കുകയും ഒരു വിഭാഗത്തിന്റെ വക്താവായി അധഃപതിക്കുകയും ചെയ്യുന്ന ഡോ. സെബാസ്റ്റിയന് പോളിന്റെ ശൈലി നീതിന്യായ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതാണെന്ന് സഭ കുറ്റപ്പെടുത്തി.
മുപ്പതു വര്‍ഷത്തോളം കേസ് നടത്തിയ ഇരുകൂട്ടരും ഒരുമിച്ചുപോകാന്‍ സാഹചര്യമുണ്ടാകണമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലാണ് 2017 ജൂലൈ മൂന്നിലെ ഉത്തരവില്‍ പ്രകടമാകുന്നത്. രണ്ടു കൂട്ടര്‍ക്കും സ്വീകാര്യനായ മധ്യസ്ഥനെ വച്ച് 2002ല്‍ അസോസിയേഷന് കൂടി ഒന്നിച്ചുപോകുവാനുളള സാഹചര്യം കോടതി രൂപപ്പെടുത്തിയതാണ്. എന്നാല്‍ ഏകപക്ഷീയമായി അതില്‍നിന്നു പിന്മാറി വീണ്ടും കേസുമായി മുന്നോട്ടുപോയതിനുളള തിരിച്ചടിയാണ് ഈ കോടതി വിധി.
കോടതിവിധി പഠിക്കാതെയും കോടതിയുടെ നിലപാടുകളും ഉദ്ദേശ്യശുദ്ധിയും മനസിലാക്കാതെയും സെബാസ്റ്റിയന് പോള്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഓര്‍ത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. രാഷ്്രടീയ, സാമുദായിക നേതാക്കന്മാര് കാര്യങ്ങള്‍ പഠിച്ചതിനു ശേഷം പ്രതികരിക്കുന്നതായിരിക്കും സമൂഹത്തിനു നല്ലത്.
അതേസമയം, സത്യത്തിന്റേയും നീതിയുടേയും പക്ഷത്തു നില്‍ക്കുന്നവരെ ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്ന ഓര്‍ത്തഡോക്സ് നേതൃത്വത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു യാക്കോബായ സഭാ വക്താവ് ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് പറഞ്ഞു. നൂറ്റാണ്ടുപഴക്കമുള്ള മലങ്കര സഭാതര്‍ക്കം സുപ്രീം കോടതി വിധിയുടെയും കീഴ്ക്കോടതികളുടെ വിധികളുടെയും അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തി ശാശ്വതമായി പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമം. അതിനിടെ നിയമപരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി. തോമസിനെയും മുന്‍ എം.പിയായ സെബാസ്റ്റിയന് പോളിനെയും ഓര്‍ത്തഡോക്സ് നേതൃത്വം അധിക്ഷേപിച്ചത് അപലപനീയമാണ്.
ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും ബില്ലിന് അനുകൂലമായി രംഗത്തുവരുന്ന സാഹചര്യമാണ്. സഭാതര്‍ക്കത്തിനു പരിഹാരം ആഗ്രഹിച്ച് മലങ്കര ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുന്ന ആദരണീയ വ്യക്തികളെ ആക്ഷേപിക്കുന്നതില്നിന്ന് ഓര്‍ത്തഡോക്സ് നേതൃത്വം പിന്മാറണം. സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
ഇടവകപ്പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു പള്ളി വിട്ടുകൊടുക്കണമെന്നു ശിപാര്‍ശ ചെയ്യുന്ന മലങ്കര ചര്‍ച്ച് ബില്ലിനെയും പൊതുജനാഭിപ്രായ രൂപീകരണത്തെയും ഓര്‍ത്തഡോക്സ് നേതൃത്വം ഭയപ്പെടുകയാണ്. പള്ളികളില്‍ തങ്ങളാണു ഭൂരിപക്ഷമെന്നു നിരന്തരം അവകാശപ്പെടുന്ന ഓര്‍ത്തഡോക്സ് വിഭാഗം ബില്ലിനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നു സമൂഹം തിരിച്ചറിഞ്ഞെന്നും മെത്രാപ്പോലീത്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: