കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ സിപിഎം ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ എതിര്‍പ്പ് ഉയരുകയും കെ.വി. തോമസ് പങ്കുകൊള്ളുമെന്ന് തന്നെ അറിയിക്കുകയുമായിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് യെച്ചൂരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രതിനിധിയായാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത്. എന്നാല്‍ കെ.വി. തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയാല്‍ സംരക്ഷിക്കുമോയെന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍ അക്കാര്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നും പറഞ്ഞ് യെച്ചൂരി ഒഴിയുകയായിരുന്നു.
അതേസമയം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലെ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമൊപ്പമാണ് കെ.വി. തോമസ് പങ്കെടുക്കുക.
എഐസിസി നിര്‍ദ്ദേശം തള്ളി സെമിനാറില്‍ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ നടപടി സ്വീകരിക്കും. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയില്‍ ഉയര്‍ന്നിട്ടുള്ളത്. വെള്ളിയാഴ്ച കണ്ണൂരിലെത്തിയ കെ.വി. തോമസിന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. എം.വി. ജയരാജന് ചുവന്ന ഷാള്‍ അണിയിച്ചാണ് കെ.വി. തോമസിനെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: