കൊല്ലം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്കും അവധിയും ഗവണ്മെന്റ് കരാറുകാരെ വെട്ടിലാക്കിയിരിക്കുകയാണ്. മാര്‍ച്ച് 27, 28, 29 തിയതികളിലെ അവധിയും പണിമുടക്കും കാരണം ഗവണ്മെന്റ് കരാറുകാര്‍ക്ക് എല്‍എസ്ജിഡിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. മാര്‍ച്ച് 30ന് സമര്‍പ്പിച്ച ബില്ലുകള്‍ ജില്ലാ പഞ്ചായത്തിലെ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ വച്ച് താമസിപ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയില്‍ മാത്രം 34 ബില്ലുകളാണ് കെട്ടിക്കിടക്കുന്നത്.
ഏകദേശം 5 കോടിരൂപയുടെ ബില്ലുകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നാണ് കരാറുകാര്‍ പറയുന്നത്. മാര്‍ച്ച് 30ന് 3 മണിക്ക് ബില്ലുകള്‍ പോകുന്നില്ല എന്ന് മനസ്സിലാക്കി കരാറുകാര്‍ 75 ശതമാനം പണം ചോദിച്ചെങ്കിലും ഇംപ്ലിമെന്റിംഗ് ഓഫീസര്‍ അതും അനുവദിച്ചില്ല. മുന്‍ വര്‍ഷങ്ങളില്‍ ബില്ല് തുകയുടെ 75 ശതമാനം അഡ്വാന്‍സായി കൊടുത്തിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം യഥാസമയം ചെലവഴിക്കുന്ന കാര്യത്തിലും ഇംപ്ലിമെന്റിംഗ് ഓഫീസറുടെ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതും കരാറുകാര്‍ക്ക് യഥാസമയം ഫണ്ട് കിട്ടാതിരിക്കാന്‍ കാരണമായിരിക്കുകയാണ്.
സിഎംഎല്‍ആര്‍പി വര്‍ക്കുകള്‍ ജില്ലയില്‍ പണിപൂര്‍ത്തീകരിച്ച ബില്ലുകള്‍ 16 കോടിരൂപയോളം കുടിശ്ശിക ഉണ്ട്. ഇതില്‍ 4 കോടിരൂപ മാത്രമാണ് മാര്‍ച്ച് മാസത്തില്‍ വന്നത്. ഇത് 20 ബില്ല് കൊടുക്കാനേ കഴിയൂ. ഇതില്‍ 1കോടി 20 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറിയതുമില്ല. 4 കോടിരൂപ വന്നതില്‍ 2 കോടി 80 ലക്ഷം രൂപയുടെ ബില്ലുകളേ മാറിയിട്ടുള്ളൂ. 12 കോടിരൂപയുടെ ചെയ്തുതീര്‍ത്ത ബില്ലുകള്‍ 6 മാസമായി ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ജില്ലാ പഞ്ചായത്ത് ഡിവിഷന് ഓഫീസിലും കിടക്കുകയാണ്.
എംഎല്‍എ, എഡിഎസ്, വെള്ളപ്പൊക്ക ദുരിതാശ്വാസ വര്‍ക്കുകള്‍ തൊഴിലുറപ്പ് വര്‍ക്കുകളുടെ മെറ്റീരിയല്‍ വിതരണം ഇങ്ങനെ കോടിക്കണക്കിനു രൂപകള്‍ ജില്ലയിലെ കരാറുകാര്‍ക്ക് കിട്ടാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: