ന്യൂദല്‍ഹി: ഗൗരവമായി വിവിധ സാമൂഹ്യപ്രശ്നങ്ങളില്‍ പ്രതികരിക്കുന്ന ശശി തരൂരിന്റെ മറ്റൊരു മുഖം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പാര്‍ലമെന്റില്‍ ഗൗരവപ്പെട്ട വിഷയത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂരിനെതിരെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
കഴുകന് കണ്ണുകളുള്ളവരാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശകര്‍. ഫറാഗോ അബ്ദുള്ള എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
‘ഫറൂഖ് അബ്ദുള്ളയുടെ ഗംഭീര പ്രസംഗമായിരുന്നു. എല്ലാവരും നിര്‍ബന്ധമായും കേട്ടിരിക്കണം’- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പക്ഷെ പങ്കുവെച്ചയാളുടെ ഉദ്ദേശ്യം ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗം കേള്‍പ്പിക്കുകയല്ല, ആ പ്രസംഗം ശ്രദ്ധിക്കാതെ സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂര്‍ എംപിയെ വിമര്‍ശിക്കലാണെന്ന് വ്യക്തം. തന്റെ ഡെസ്കില്‍ കീഴ്ത്താടിയമര്ത്തി, മുന്നോട്ടാഞ്ഞ് സുപ്രിയ സുലെയോട് സംസാരിക്കുന്ന ശശി തരൂര്‍ എന്തോ അടക്കം പറയുന്നതായാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. ഈ പശ്ചാത്തലത്തിലാണ് ഫറൂഖ് അബ്ദുള്ള പ്രസംഗിക്കുന്നത്. പക്ഷെ ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗമാല്ല, പകരം ഒരു ഹിന്ദി പ്രണയഗാനമാണ് ഈ വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.
പിന്നാലെ പലരും ഈ വീഡിയോയ്ക്ക് പല പല പ്രേമരംഗങ്ങളുള്ള ചലച്ചിത്രഗാനങ്ങള്‍ പശ്ചാത്തലമാക്കി നല്കി പ്രചരിപ്പിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഈയിടെ സൂപ്പര്‍ ഹിറ്റായ തെലുങ്ക് സിനിമ ‘പുഷ്പ’യിലെ ‘ശ്രീവള്ളി’ എന്ന ഗാനവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
റഷ്യ-ഉക്രൈന് യുദ്ധം സംബന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്റ് ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഈ വീഡിയോ രംഗം പകര്‍ത്തിയിരിക്കുന്നത്. അപ്പോള്‍ എന്‍.കെ. പ്രേമചന്ദ്രനായിരുന്നു സഭയെ നിയന്ത്രിച്ചിരുന്നത്. സുപ്രിയ സുലെയുടെ നേര്‍ക്ക് ചാഞ്ഞുകിടന്നുള്ള തരൂരിന്റെ പോസ് പല രീതിയിലൂള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഒട്ടേറെ രസകരമായ മീമുകളും ട്രോളുകളും ട്വിറ്ററില്‍ നിറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: