ന്യൂദല്‍ഹി : റഷ്യ- ഉക്രൈന് യുദ്ധത്തില്‍ ഇന്ത്യ നിന്നത് സമാധാനത്തിനൊപ്പമാണ്. രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്നം ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാലര്‍മെന്റ് ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉക്രൈന് ബുച്ച നഗരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കൂട്ടകൊലപാതകത്തെ അപലപിക്കുന്നു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന സാധാരണക്കാര്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിനായി ഇരു രാജ്യങ്ങളും അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും എസ്. ജയശങ്കര്‍ ആവശ്യപ്പൈട്ടു.
ഓപ്പറേഷന് ഗംഗയെ മറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയില്‍ വലിയ പ്രതിസന്ധി നേരിട്ടു. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടലുകള്‍ നടത്തുകയായിരുന്നെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉക്രൈനില്‍ നിന്നും റഷ്യന്‍ സൈന്യം പിന്മാറിയ മേഖലകളില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങള്‍ ആണ്. മിക്കതും കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു. കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചുള്ള റഷ്യയുടെ ഈ ക്രൂരതയ്ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. കൂടുതല്‍ ആയുധ സഹായം ഉക്രൈന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: