കുന്നത്തൂര്‍: താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് കഴിഞ്ഞ എട്ടുവര്‍ഷമായി നോക്കുകുത്തിയാകുന്നു. വിവിധ റോഡുകളില്‍ നിന്ന് ജംഗ്ഷനില്‍ എത്തപ്പെടുന്ന യാത്രക്കാര്‍ സിഗ്നല്‍ സംവിധാനമില്ലാത്തതിനാല്‍ വലയുകയാണ്.
കൊല്ലം-തേനി, വണ്ടിപ്പെരിയാര്‍-ഭരണിക്കാവ് ദേശീയ പാതകള്‍ ഉള്‍പ്പെടെ നാല് പ്രധാന റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പലപ്പോഴും ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഉണ്ടാകുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളില്‍ നിന്ന് ഇവിടെ എത്തിച്ചേരുന്നത്. തോന്നിയ രീതിയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. അതിനാല്‍ എപ്പോഴും ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ് ജംഗ്ഷനില്‍ പലപ്പോഴും അനുഭവപ്പെടുന്നത്. ഈ സമയം ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസോ ഹോംഗാര്‍ഡുകളോ എത്തി ഗതാഗതം നിയന്ത്രിക്കും.രൂക്ഷമായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന നിരന്തര ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2014-ല്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 4.75 ലക്ഷം രൂപ ചെലവഴിച്ച് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചു.
ഉദ്ഘാടന ദിവസം തന്നെ ഇരുചക്രവാഹനയാത്രാരന് മറ്റൊരു വാഹനത്തിനടിയില്‍പ്പെട്ടു മരിച്ചു. സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ സിഗ്നല്‍ ലൈറ്റ് പ്രവര്ത്തിപ്പിക്കാതാകുകയും പിന്നീട് ഇത് പൂര്‍ണമായും ഉപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍, ഓരോ ദിവസവും ഭരണിക്കാവിലെ ഗതാഗത കുരുക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ രീതിയില്‍ വ്യത്യാസങ്ങള്‍ വരുത്തി സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് യാത്രക്കാരുടെയും ജനങ്ങളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: