മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ വിന്ധ്യപര്വതനിരകളുടെ വടക്കുഭാഗത്തുള്ള ചേതോഹര ഭൂമിയാണ് രാമായണത്തില്‍ വിവരിക്കുന്ന ചിത്രകൂടം.
വനവാസകാലത്ത് സീതാരാമലക്ഷ്മണന്മാര് 11 വര്‍ഷത്തിലേറെ കഴിഞ്ഞതും ഇവിടെ. അയോധ്യ വിട്ടിറങ്ങിയ മൂവരും വഴികളേറെത്താണ്ടി ചിത്രകൂടത്തില്‍, ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തുന്നു. അവിടെ, പെട്ടെന്ന് ആര്‍ക്കും എത്താത്തനാവാത്ത ഒരിടത്ത് പര്‍ണശാല കെട്ടാനായിരുന്നു രാമന്റെ തീരുമാനം. ചിത്രകൂടത്തിലെ വനാന്തര്‍ഭാഗത്ത് അതിനു പറ്റിയ ഒരിടം രാമനു നിര്‍ദേശിക്കുന്നത് ഭരദ്വാജമുനിയാണ്.
രാമനെ തിരികെ അയോധ്യയിലേക്ക് കൊണ്ടു പോകാനായി സഹോദരന് ഭരതനെത്തുന്നത് ഇവിടെയാണ്. ഇരുവരും കണ്ടുമുട്ടിയ പ്രദേശം ഭരത് മിലാപ് എന്നറിയപ്പെടുന്നു. ദശരഥമഹാരാജാവിന്റെ വിയോഗമറിഞ്ഞ രാമന്, അച്ഛനു വേണ്ടി ശ്രാദ്ധകര്‍മങ്ങള്‍ ചെയ്യുന്നതും ചിത്രകൂടത്തിലാണ്. വാല്മീകി, ദത്താത്രേയ, മാര്ക്കണ്ഡേയന് തുടങ്ങിയ ഋഷിവര്യന്മാരുടെ തപോഭൂമി കൂടിയായിരുന്നു ചിത്രകൂടം.
രാമപാദം പതിഞ്ഞ അനവധി ക്ഷേത്രങ്ങളും പൈതൃകസ്മാരകങ്ങളും നിറഞ്ഞ ചിത്രകൂടത്തിലേക്ക് ശ്രീരാമഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണെപ്പോഴും. മകര സംക്രാന്തി, രാമനവമി, ദീപാവലി, ശരദ്പൂര്‍ണിമ തുടങ്ങിയ പുണ്യനാളുകളില് പ്രത്യേകിച്ചും. ചിത്രകൂടത്തിലെത്തുന്നവരെല്ലാം മന്ദാകിനി നദിക്കരയിലെ രാംഘട്ട് സന്ദര്‍ശിക്കാതെ മടങ്ങാറില്ല. രാമന് സ്നാനം ചെയ്തിരുന്ന തീര്ത്ഥഘട്ടമാണിത്. ആഗ്രഹിച്ചതെന്തും നല്‍കുന്നതെന്ന് അര്‍ത്ഥമുള്ള കാമദ്ഗിരിയും ചിത്രകൂടത്തിലാണുള്ളത്. ആ കുന്നിനെ വലം വയ്ക്കുന്നതും ( പരിക്രമ) ചിത്രകൂട തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. ഗുപ്ത ഗോദാവരി, ജാനകീകുണ്ഡ്, രാംശയ്യ, ഹനുമാന്‍ധാര, സ്ഫടികശില, സതി അനസൂയ ആശ്രമം, ഭരത്പൂര്‍ തുടങ്ങി ചിത്രകൂടത്തിലെ രാമായണക്കാഴ്ചകള്‍ പിന്നെയുമുണ്ടെത്രയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: